വഖ്ഫ് നിയമഭേദഗതി: സംയുക്ത പാര്‍ലമെന്ററി യോഗത്തില്‍ വാക്കുതര്‍ക്കം; കൈയ്യിലിരുന്ന കുപ്പി പൊട്ടി തൃണമൂല്‍ എംപിക്ക് പരിക്ക്
ബിജെപി എംപിയുമായുള്ള വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം
ന്യൂഡല്‍ഹി: വഖ്ഫ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ വാക്കുതര്‍ക്കം. ബിജെപി എംപിയുമായുള്ള വാക്കുതര്‍ക്കത്തിനിടെ കൈയ്യിലിരുന്ന കുപ്പി പൊട്ടി തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിക്ക് പരിക്കേറ്റു.എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസിയും ആം ആദ്മി പാര്‍ടി നേതാവ് സഞ്ജയ് സിങും കല്യാണ്‍ ബാനര്‍ജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തള്ളവിരലിനും ചൂണ്ടുവിരലിനും ഏറ്റ മുറിവിന് ചികില്‍സ നല്‍കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
സമിതി ചെയര്‍മാന്‍ ജഗദാമ്പിക പാലിനെതിരെ മോശമായി സംസാരിച്ചതിന് കല്യാണ്‍ ബാനര്‍ജിയെ ഒരു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി സമിതി അറിയിച്ചു. ഒമ്പതുപേര്‍ പേര്‍ സസ്‌പെന്‍ഡ് ചെയ്യുന്നതിനെ അനുകൂലിച്ചു. എട്ടു പേര്‍ എതിര്‍ത്തു.
Full View
വഖ്ഫ് നിയമഭേദഗതിയില്‍ വിവിധ കക്ഷികള്‍ക്കുള്ള അഭിപ്രായം അറിയാനാണ് ബിജെപി എംപി ജഗദാമ്പിക പാല്‍ അധ്യക്ഷനായ സമിതി ഇന്ന് യോഗം വിളിച്ചിരുന്നത്. ഒഡീഷയിലെ വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും നിലപാട് സമിതി രേഖപ്പെടുത്തുമ്പോഴാണ് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചത്. വഖ്ഫ് നിയമഭേദഗതിയില്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും എന്താണ് പങ്കെന്നു ചോദിച്ചായിരുന്നു പ്രതിഷേധം. ഇതിനെ ബിജെപി എംപിമാര്‍ തടയാന്‍ ശ്രമിച്ചു. അതിനിടെയാണ് കുപ്പി പൊട്ടി കല്യാണ്‍ ബാനര്‍ജിക്ക് പരിക്കേറ്റത്. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ അഞ്ചംഗ പ്രതിനിധി സംഘം സമിതിക്ക് മുന്നില്‍ നിലപാട് അറിയിച്ചിട്ടുണ്ട്.