ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും വിശ്വാസികള്‍ക്കുമെതിരായ സംഘപരിവാര്‍ ആക്രമണം ഹീനം: ടി എന്‍ പ്രതാപന്‍ എംപി

Update: 2021-12-07 05:50 GMT

തൃശൂര്‍: ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും വിശ്വാസികള്‍ക്കുമെതിരായ സംഘപരിവാര്‍ ആക്രമണം അങ്ങേയറ്റം ഹീനമാണെന്ന് ടി എന്‍ പ്രതാപന്‍ എംപി.

'മതപരിവര്‍ത്തനം ആരോപിച്ച് ഉത്തരേന്ത്യയില്‍ വ്യാപകമായി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും നേരെ വര്‍ഗ്ഗീയവാദികളുടെ ആക്രമണമുണ്ട്.

ഭരണഘടനാപരമായ അവകാശങ്ങളെ തെരുവില്‍ കത്തിക്കാന്‍ ഒരുകാരണവശാലും അനുവദിച്ചുകൂടാ. വര്‍ഗീയ അജണ്ടകള്‍ക്ക് വേണ്ടി ഒരു വിദ്യാഭ്യാസ സ്ഥാപനം ആക്രമിക്കാന്‍ മനുഷ്യന്മാര്‍ക്ക് എങ്ങനെ കഴിയുന്നു?'. ടി എന്‍ പ്രതാപന്‍ ചോദിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മധ്യപ്രദേശില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളിന് നേരെ സംഘപരിവാര്‍ നടത്തിയ ആക്രമണം അങ്ങേയറ്റം ഹീനമാണ്. മതപരിവര്‍ത്തനം ആരോപിച്ച് ഉത്തരേന്ത്യയില്‍ വ്യാപകമായി ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും നേരെ വര്‍ഗ്ഗീയവാദികളുടെ ആക്രമണമുണ്ട്.

ഭരണഘടനാപരമായ അവകാശങ്ങളെ തെരുവില്‍ കത്തിക്കാന്‍ ഒരുകാരണവശാലും അനുവദിച്ചുകൂടാ. വര്‍ഗീയ അജണ്ടകള്‍ക്ക് വേണ്ടി ഒരു വിദ്യാഭ്യാസ സ്ഥാപനം ആക്രമിക്കാന്‍ മനുഷ്യന്മാര്‍ക്ക് എങ്ങനെ കഴിയുന്നു?

കര്‍ണ്ണാടകയില്‍ പ്രാര്‍ത്ഥന നടത്താന്‍ കഴിയാതെ നിസ്സഹായരായി ക്രിസ്തീയ വിശ്വാസികള്‍ നില്‍ക്കുന്ന കാഴ്ചയും ഈയടുത്ത ദിവസങ്ങളില്‍ തന്നെയാണ് നാം കണ്ടത്. കന്യാസ്ത്രീകള്‍ക്കും പുരോഹിതര്‍ക്കും അവരുടെ സ്ഥാന വസ്ത്രം ധരിച്ച് പുറത്തിറങ്ങാന്‍ കഴിയാത്ത കാലം നമ്മുടെ ഇന്ത്യയിലുണ്ടാകുന്നത് എങ്ങനെ നീതീകരിക്കും.

ഇന്ത്യയില്‍ വിദ്യാഭ്യാസ ആരോഗ്യ രംഗത്ത് ക്രിസ്ത്യന്‍ മിഷനറികള്‍ നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ തുല്യതയില്ലാത്തതാണ്. അത് തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ച് നിരാകരിക്കുന്നത് ഇന്ത്യയിലെ പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളയണം. അത്തരം ശ്രമങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്യണം.

ന്യൂനപക്ഷങ്ങളെ അപരവത്കരിച്ച് തിരഞ്ഞെടുപ്പുകള്‍ ജയിക്കാമെന്ന് കരുതുന്ന സംഘപരിവാര്‍ രാഷ്ട്രീയം ഈ നാട് മുടിച്ചിട്ടേ അടങ്ങൂ.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ക്രിസ്ത്യന്‍ വിരുദ്ധ വര്‍ഗ്ഗീയ അതിക്രമണങ്ങള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും.

Full View

Tags:    

Similar News