പ്രവാചക പാതയില്‍ നിന്ന് മുസ്‌ലിംകള്‍ വ്യതിചലിച്ചു: മാര്‍ക്കണ്ഡേയ കട്ജു
'നിങ്ങളുടെ നന്മയ്ക്കായി നിങ്ങളുടെ വിഡ്ഢിത്തത്തിനെതിരെ ഞാന്‍ വിമര്‍ശനമുന്നയിക്കും. അതു നിങ്ങളുടെ നല്ലതിനാണ്. പക്ഷേ അതിന്റെ പേരില്‍ എനിക്ക് നിങ്ങളുടെ പക്കല്‍ നിന്നു ശാപങ്ങളും ആക്ഷേപങ്ങളും ഏല്‍ക്കേണ്ടിവരുമെന്ന് എനിക്കറിയാം' കട്ജു ഫേസ്ബുക്കില്‍ കുറിച്ചു.
ന്യൂഡല്‍ഹി: പ്രവാചകന്‍ കാണിച്ചു തന്ന പാതയില്‍ നിന്നു മുസ്‌ലിംകള്‍ വ്യതിചലിച്ചുവെന്ന് സുപ്രിം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. നിങ്ങള്‍ അതൃപ്തരാണെങ്കിലും നിങ്ങള്‍ക്ക് ഗുണകരമായത് പറയുക എന്നതാണ് തന്റെ ലക്ഷ്യമെന്നും കട്ജു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് കട്ജു മുസ്‌ലിം വിഭാഗത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്. തന്റെ വാക്കുകളില്‍ നിങ്ങള്‍ തൃപ്തരായാലും അല്ലെങ്കിലും തനിക്ക് അതില്‍ ഒരു പ്രശ്‌നവുമില്ലെന്നും കട്ജു പറഞ്ഞു.
'നിരവധി മുസ് ലിംകള്‍ എന്റെ അടുത്തിടെ വന്ന ഫേസ്ബുക്ക് പോസ്റ്റുകളില്‍ അതൃപ്തരാണെന്ന് മനസ്സിലാക്കുന്നു. ഞാന്‍ അവരോട് ഒരു കാര്യം തുറന്നുപറയാം. ഞാന്‍ പ്രശസ്തി ആഗ്രഹിക്കുന്ന ഒരാളല്ല. എനിക്ക് നിങ്ങളുടെ വോട്ട് വേണ്ട. ഞാന്‍ പറയുന്ന കാര്യങ്ങളില്‍ നിങ്ങള്‍ സന്തുഷ്ടരായാലും അല്ലെങ്കിലും എനിക്കു പ്രശ്‌നമല്ല. നിങ്ങള്‍ക്കു സന്തോഷിക്കണമെങ്കില്‍ ഉവൈസിയുടെ അടുത്തേക്കോ സാക്കിര്‍ നായിക്കിന്റെ അടുത്തേക്കോ അല്ലെങ്കില്‍ ഏതെങ്കിലും മൗലാനാമാരുടെ പക്കലേക്കോ പോകൂ. അവര്‍ നിങ്ങളെ തേന്‍ പുരട്ടിയ വാക്കുകളാല്‍ സന്തോഷിപ്പിക്കുകയും നിങ്ങളുടെ അസുഖം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എന്റെ പക്കല്‍ നിന്നു നിങ്ങള്‍ക്കു കയ്പുനിറഞ്ഞ മരുന്നുമാത്രമേ ലഭിക്കൂ. അതു നിങ്ങളുടെ വിഡ്ഢിത്തം മനസ്സിലാക്കിതരികയും അത് ഇല്ലാതാക്കുകയും ചെയ്യും.
രണ്ടും രണ്ടും കൂട്ടിയാല്‍ നാലു കിട്ടുമെന്നു പറയുന്നതില്‍ നിങ്ങള്‍ തൃപ്തരല്ലെങ്കില്‍ അങ്ങനെ തന്നെ നിന്നോളൂ. നിങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഞാന്‍ അത് മൂന്നോ അഞ്ചോ ആണെന്ന് പറയില്ല. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് നിങ്ങളില്‍ കൂടുതല്‍ പേരും പാവപ്പെട്ടവരും പിന്നാക്കക്കാരുമാണ്. കാരണം നിങ്ങള്‍ ഇപ്പോഴും ശരിയത്, ബുര്‍ഖ, മദ്‌റസ, മൗലാനാ എന്നീ വിഷയങ്ങളില്‍ തട്ടി നില്‍ക്കുകയാണ്. ഇവ നിങ്ങളുടെ ശരീരത്തിലെ അട്ടകളാണ്. അവ നിങ്ങളുടെ രക്തം ഊറ്റിക്കുടിക്കുകയും നിങ്ങളെ ദുര്‍ബലരാക്കുകയും ചെയ്യും. പ്രവാചകന്റെ കാലത്ത് മദ്‌റസകളും മൗലാനമാരും ഉണ്ടായിരുന്നോ?. ഇല്ല, ഉണ്ടായിരുന്നില്ല. പിന്നെ എങ്ങനെയാണ് ഇത്തരം അനാവശ്യകാര്യങ്ങള്‍ നിലവില്‍ വന്നത്. തീര്‍ച്ചയായും അതിന്റെ കാരണം നിങ്ങളെ വിഡ്ഢികളും ദരിദ്രരുമായി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ചില നിക്ഷിത താല്‍പര്യക്കാരാണ്. നിങ്ങള്‍ പ്രവാചകന്‍ കാണിച്ചുതന്ന പാതയില്‍ നിന്നു വ്യതിചലിച്ചിരിക്കുന്നു. അദ്ദേഹം അറിവിനു വേണ്ടി ചൈനയില്‍ പോകേണ്ടിവന്നാലും പോകണമെന്നു പറഞ്ഞിരുന്നു. പക്ഷേ നിങ്ങള്‍ പോകുന്നത് മദ്‌റസയിലേക്കും മൗലാനമാരുടെ അടുക്കലേക്കുമാണ്.
നിങ്ങളുടെ നന്മയ്ക്കായി നിങ്ങളുടെ വിഡ്ഢിത്തത്തിനെതിരെ ഞാന്‍ വിമര്‍ശനമുന്നയിക്കും. അതു നിങ്ങളുടെ നല്ലതിനാണ്. പക്ഷേ അതിന്റെ പേരില്‍ എനിക്ക് നിങ്ങളുടെ പക്കല്‍ നിന്നു ശാപങ്ങളും ആക്ഷേപങ്ങളും ഏല്‍ക്കേണ്ടിവരുമെന്ന് എനിക്കറിയാം' കട്ജു ഫേസ്ബുക്കില്‍ കുറിച്ചു.