സുപ്രിംകോടതി പരിഹാസ്യമാംവിധം ബിജെപിക്ക് കീഴടങ്ങി: മാര്‍ക്കണ്ഡേയ കട്ജു
ഭരണാധികാരികള്‍ യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാന്‍ ഹിറ്റ്‌ലറും നാസികളും ജൂതന്മാരെ സൃഷ്ടിച്ചതുപോലെ മുസ്‌ലിംകളെ ബലിയാടാക്കി എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അവരാണെന്നു പറഞ്ഞ് കുറ്റപ്പെടുത്തുമെന്നും മാര്‍ക്കണ്ഡേയ കട്ജു ലേഖനത്തില്‍ വ്യക്തമാക്കി
ന്യൂഡല്‍ഹി: സമീപകാലത്തായി ഇന്ത്യന്‍ സമൂഹം മുമ്പൊരിക്കലും ഇല്ലാത്തവിധം മതപരമായി ധ്രുവീകരിക്കപ്പെടുകയാണെന്നും ഇന്ത്യന്‍ സുപ്രിംകോടതി പരിഹാസ്യമാംവിധം ബിജെപിക്കു മുന്നില്‍ കീഴടങ്ങിയെന്നും സുപ്രിംകോടതി മുന്‍ ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ അധ്യക്ഷനുമായ മാര്‍ക്കണ്ഡേയ കട്ജു. ഇന്ത്യയ്ക്കു മുകളിലെ കാര്‍മേഘം എന്ന തലക്കെട്ടില്‍ 'ദി റേഷനല്‍ ഡെയ്‌ലി'യില്‍ എഴുതിയ സുദീര്‍ഘ ലേഖനത്തിലാണ് രാജ്യം അഭിമുഖീകരിക്കുന്ന വ്യത്യസ്ത പ്രശ്‌നങ്ങളെക്കുറിച്ച് മാര്‍ക്കണ്ഡേയ കട്ജു വിവരിക്കുന്നത്. ഇന്ത്യയില്‍ സാമുദായികത നേരത്തേ നിലനിന്നിരുന്നെങ്കിലും അത് വലിയതോതില്‍ മറഞ്ഞിരിക്കുകയായിരുന്നു. ചില അവസരങ്ങളില്‍ മാത്രമാണ് അത് പുറത്തേക്കുവന്നിരുന്നത്. എന്നാല്‍ 2014ല്‍ ഹൈന്ദവ വലതുപക്ഷ സംഘടനയായ ഭാരതീയ ജനതാ പാര്‍ട്ടി(ബിജെപി) അധികാരത്തിലെത്തിയ ശേഷം അത് പുറത്താവുകയും വ്യാപിക്കുകയും ചെയ്തതായി മാറിയെന്നും അദ്ദേഹം പറയുന്നു.
മാര്‍ക്കണ്ഡേയ കട്ജുവിന്റെ ലേഖനത്തിലെ പ്രധാന ഭാഗങ്ങള്‍:
വസ്തുതകള്‍ പരിഗണിക്കുക:
1. മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങളും അതിക്രമങ്ങളും കുത്തനെ വര്‍ധിച്ചു. അവര്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ സാധാരണമായി മാറി. പലയിടത്തും അവര്‍ ഭീതിയോടെയാണ് ജീവിക്കുന്നത്. താടി വളര്‍ത്തിയതിനോ തലയില്‍ തൊപ്പി ധരിച്ചതിനോ 'ജയ് ശ്രീ റാം' പറയാത്തതിനോ ഒരു ഹിന്ദു പെണ്‍കുട്ടിയുമായി ('ലവ് ജിഹാദ്' ആരോപിച്ച്) ബന്ധമുണ്ടെങ്കിലോ മുസ് ലിംകള്‍ പലപ്പോഴും ആക്രമിക്കപ്പെടുകയാണ്. കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി മുസ് ലിംകളെ 'ഹരാംസദാസ്' എന്ന് വിളിക്കുകയും മുന്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ ആരോപണവിധേയരായ ആള്‍ക്കൂട്ട ആക്രമണം നടത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
2. ഇന്ത്യയിലെ പല സ്‌കൂളുകളിലും ഹിന്ദു വിദ്യാര്‍ഥികള്‍ പലപ്പോഴും മുസ് ലിം വിദ്യാര്‍ഥികളെ ദേശവിരുദ്ധര്‍, രാജ്യദ്രോഹികള്‍, തീവ്രവാദികള്‍, പാകിസ്ഥാനികള്‍ എന്ന് വിളിക്കുന്നു(പലപ്പോഴും അധ്യാപകരുടെ മൗനാനുവാദത്തോടെയാണിത്). താന്‍ ഇവിടെ ഉള്‍പ്പെടുന്നില്ലെന്ന് തോന്നുന്ന മുസ് ലിം വിദ്യാര്‍ത്ഥിയെ ഇത് വളരെയധികം സമ്മര്‍ദ്ദത്തിലാക്കുന്നു.
3. മതേതരത്വത്തിന്റെ കോട്ടകളായി മുമ്പ് കണക്കാക്കപ്പെട്ടിരുന്ന പശ്ചിമ ബംഗാളിനെപ്പോലെയുള്ള സംസ്ഥാനങ്ങളില്‍ പോലും വര്‍ഗീയത കുത്തനെ വര്‍ധിച്ചു(മമത ബാനര്‍ജിയുടെ മുസ്‌ലിം പ്രീണന നയം ഇതിനു സഹായകരമായിട്ടുണ്ടെന്നതില്‍ സംശയമില്ല). തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവയും ഉടന്‍ തന്നെ ഇത് പിന്തുടരാം.
4. ഇന്ത്യയിലെ സ്ഥാപനങ്ങള്‍ മിക്കതും കാവിവല്‍ക്കരിക്കപ്പെട്ടു. പ്രധാനമായും മാധ്യമങ്ങള്‍ അത്തരത്തില്‍ 'പരിഷ്‌ക്കരിക്കപ്പെട്ടു', ചരിത്രവും ശാസ്ത്രവും വളച്ചൊടിച്ചു. രാജ്യദ്രോഹവും ജനവിരുദ്ധ നിയമങ്ങളും പതിവായി ഉപയോഗിക്കുന്നതിലൂടെ സംസാര സ്വാതന്ത്ര്യം പോലും അടിച്ചമര്‍ത്തപ്പെടുകയാണ്.
5. ഇന്ത്യന്‍ ഭരണഘടന ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നുവെങ്കിലും അടിസ്ഥാന യാഥാര്‍ത്ഥ്യം വളരെ വ്യത്യസ്തമായി മാറിയിരിക്കുകയാണ്. 'ഹിന്ദുത്വ'മാണ് ഭരണകൂടത്തെ നയിക്കുന്നത്. ഇതിനു തടയിടേണ്ട സ്ഥാപനമായ ഇന്ത്യന്‍ സുപ്രിംകോടതി പരിഹാസ്യമാം വിധം ബിജെപിക്കു മുന്നില്‍ കീഴടങ്ങി. ബാബരി കേസിലെ അപമാനകരമായ വിധിയും ബോംബെ ഹൈക്കോടതി ജസ്റ്റിസ് ഖുറൈഷിയെ മധ്യപ്രദേശ് ഹൈക്കോടതിക്ക് പകരം വളരെ ചെറിയ ത്രിപുര ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സമ്മതിച്ചതും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശം ഇല്ലാതാക്കി കശ്മീരില്‍ നടത്തുന്ന ജനാധിപത്യവിരുദ്ധ അടിച്ചമര്‍ത്തലുകളും 82 കാരനായ ഫാറൂഖ് അബ്ദുല്ലയെയും മറ്റു കശ്മീര്‍ നേതാക്കളെയും അറസ്റ്റ് ചെയ്തതിനെയുമെല്ലാം അനുകൂലിച്ച വിധികള്‍ ഇതിന് ഉദാഹരണങ്ങളാണ്.
6. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന പ്രവാസികളും ഇന്തോ-അമേരിക്കന്‍ പ്രവാസികള്‍ പോലും വന്‍ തോതില്‍ ധ്രുവീകരിക്കപ്പെട്ടു. ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന കാലഫോര്‍ണിയയിലെ ബേ ഏരിയയില്‍പോലും ഇത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
ഈയടുത്ത കാലത്ത് രാജ്യത്ത് ഇത്രയും വലിയ തോതില്‍ ധ്രുവീകരണമുണ്ടായതിന്റെ കാരണവും അദ്ദേഹം പറയുന്നുണ്ട്. മുസ് ലിം വോട്ട് ബാങ്കില്‍ മാത്രം ശ്രദ്ധ പുലര്‍ത്തുന്ന കോണ്‍ഗ്രസിനെപ്പോലുള്ള 'മതേതര' പാര്‍ട്ടികള്‍ മുസ് ലിംകളെ പ്രീണിപ്പിച്ചതാണ് ഒരു കാരണം. ഇത് സ്വാഭാവികമായും ഇന്ത്യയിലെ 80 ശതമാനം ഹിന്ദു ജനസംഖ്യയില്‍ തിരിച്ചടിയുണ്ടാക്കി. ഈ പാര്‍ട്ടികളെല്ലാം 15 ശതമാനം മുസ്‌ലിംകള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് അവര്‍ കരുതി. അതിനാല്‍ ധാരാളം ഹിന്ദുക്കള്‍ ബിജെപിയിലേക്കു പോയി.
അതിനേക്കാള്‍ പ്രധാനം, ഇന്ത്യയില്‍ വന്‍തോതില്‍ ധ്രുവീകരണമുണ്ടാക്കിയത് ഭരണകക്ഷിയായ ബിജെപി സാമുദായിക വിദ്വേഷം വര്‍ധിപ്പിച്ചതു കൊണ്ടാണ്. ചിലര്‍ ഇത് നിഷേധിക്കുകയും മോദിയുടെ 'സബ്ക സാത്ത്, സബ്ക വികാസ്, സബ്ക വിശ്വാസ്' എന്ന പ്രസ്താവന ചൂണ്ടിക്കാട്ടുകയും ചെയ്യും. എന്നാല്‍ ഇത്തരം മുദ്രാവാക്യങ്ങളെല്ലാം കപടവും ശൂന്യവുമായ വാചാടോപമാണെന്ന് എല്ലാവര്‍ക്കും അറിയാം. രാഷ്ട്രീയ സ്വയംസേവക സംഘം(ആര്‍എസ്എസ്) ആണ് ബിജെപിയെ നിയന്ത്രിക്കുന്നത്. ആര്‍ എസ് എസ് ന്യൂനപക്ഷ വിരുദ്ധമാണ്, പ്രത്യേകിച്ച് മുസ് ലിം വിരുദ്ധമാണ്. ബിജെപിയുടെ പ്രധാന പ്രവര്‍ത്തകര്‍, ഉദാഹരണത്തിനു പ്രധാനമന്ത്രി മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവര്‍ സാധാരണഗതിയില്‍ പതിറ്റാണ്ടുകളായി ആര്‍എസ്എസ് അംഗങ്ങളാണ്. അവര്‍ അധികാരത്തില്‍ വന്നതിനാല്‍ മാത്രം മാറുമോ? പുള്ളിപ്പുലിയുടെ പാട് മാറ്റാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിക്കുന്നു. വരും കാലങ്ങളില്‍ ഇന്ത്യയില്‍ വര്‍ഗീയത വര്‍ധിക്കാന്‍ പോവുകയാണ്. കാരണം 1984 ല്‍ ലോക്‌സഭയില്‍ 2 സീറ്റുകള്‍ മാത്രമുള്ള ബിജെപിക്ക് ഇന്ന് 303 സീറ്റുകളാണുള്ളത്. ജര്‍മന്‍കാര്‍ ഹിറ്റ്‌ലറാല്‍ ഹിപ്‌നോട്ടിസ് ചെയ്യപ്പെട്ടതു പോലെ ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷവും ബിജെപിയുടെ തന്ത്രത്തില്‍ ഹിപ്‌നോട്ടിസ് ചെയ്യപ്പെട്ടു.
മഹത്തായ വൈവിധ്യമാര്‍ന്ന രാജ്യമാണ് ഇന്ത്യ. അതിനെ ഒന്നിച്ചുനിര്‍ത്താനും മുന്നോട്ടുകൊണ്ടുപോവാനുമുള്ള ഒരേയൊരു നയം മഹാനായ മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ പ്രഖ്യാപിച്ച 'സുലേ-ഇ-കുല്‍' അല്ലെങ്കില്‍ എല്ലാ മതങ്ങളോടും തുല്യമായ ബഹുമാനം എന്നതാണ്. 'അക്ബര്‍ ചക്രവര്‍ത്തി-ഇന്ത്യന്‍ രാഷ്ട്രത്തിന്റെ യഥാര്‍ഥ പിതാവ്' എന്ന തന്റെ ബ്ലോഗിലെ ലേഖനം വായിക്കാം). എന്നാല്‍, ഇന്നത്തെ നേതാക്കള്‍ ഉപയോഗിക്കുന്ന ഹിന്ദുത്വ നമ്മുടെ രാജ്യത്തിന്റെ ശിഥിലീകരണത്തിനും നാശത്തിനുമുള്ള പാതയാണ്. രാജ്യത്തെ ജിഡിപി റെക്കോര്‍ഡ് കുറയുകയും തൊഴിലില്ലായ്മ വര്‍ധിക്കുകയും ഭക്ഷ്യ, ഇന്ധനവില ഉയരുകയും ചെയ്തുകൊണ്ട് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അതിവേഗം തകരുകയാണ്. അതിനാല്‍, ഭരണാധികാരികള്‍ യഥാര്‍ഥ പ്രശ്‌നത്തില്‍ നിന്ന് പൊതുജനശ്രദ്ധ തിരിച്ചുവിടാന്‍ ഹിറ്റ്‌ലറും നാസികളും ജൂതന്മാരെ സൃഷ്ടിച്ചതുപോലെ മുസ്‌ലിംകളെ ബലിയാടാക്കി എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം അവരാണെന്നു പറഞ്ഞ് കുറ്റപ്പെടുത്തുമെന്നും മാര്‍ക്കണ്ഡേയ കട്ജു ലേഖനത്തില്‍ വ്യക്തമാക്കി.