ടി പി ചന്ദ്രശേഖരന്‍ ഭവന്‍ ഉദ്ഘാടനം ഇന്ന്

അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടകനായി നേരത്തേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എത്തുമെന്നാണ് ആര്‍എംപി നേതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ കാനം പിന്നീട് ഇതില്‍ നിന്ന് പിന്‍മാറി.

Update: 2020-01-02 01:01 GMT

വടകര: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ സ്മരണാര്‍ത്ഥം വടകര ഓര്‍ക്കാട്ടേരിയില്‍ പൂര്‍ത്തിയായ ടി പി ചന്ദ്രശേഖരന്‍ ഭവന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ആര്‍എംപിഐ അഖിലേന്ത്യാ സെക്രട്ടറി മാഗത് റാം പസ്‌ലയാണ് ഭവന്‍ ഉദ്ഘാടനം ചെയ്യുക. വൈകിട്ട് അഞ്ച് മണിക്ക് വടകരയില്‍ നടക്കുന്ന ടി പി അനുസ്മരണസമ്മേളനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുക. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും, കോണ്‍ഗ്രസ്സ്, മുസ്‌ലിം ലീഗ് നേതാക്കളും പരിപാടിയില്‍ പങ്കെടുക്കാനെത്തും.

അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടകനായി നേരത്തേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എത്തുമെന്നാണ് ആര്‍എംപി നേതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ കാനം പിന്നീട് ഇതില്‍ നിന്ന് പിന്‍മാറി. സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് കാനം പിന്‍മാറിയതെന്ന് ആര്‍എംപി നേതാവ് എന്‍ വേണു ആരോപിച്ചിരുന്നു. ഇടത് മുന്നണിയില്‍ ഇപ്പോഴുള്ള ജനതാദള്‍ നേതാക്കളും പരിപാടിയില്‍ നിന്ന് പിന്‍മാറിയിരുന്നു.

എന്നാല്‍ കാനം ഈ ആരോപണം നിഷേധിച്ചു. മറ്റൊരു പരിപാടി ഇതേ ദിവസം നേരത്തേ നിശ്ചയിച്ചിരുന്നതാണെന്നും, അതിനാലാണ് പിന്‍മാറിയതെന്നും, തന്നെ വിളിച്ച ആര്‍എംപി നേതാക്കളോട് ആദ്യമേ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും കാനം വിശദീകരിച്ചു.

ടി പി ചന്ദ്രശേഖരന്റെ സ്മരണ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ഒന്നരകോടിയോളം രൂപ ചെലവിട്ടാണ് ടി പി ഭവന്‍ നിര്‍മിച്ചിരിക്കുന്നത്. 2012 മെയ് നാലിന് രാത്രി ഒമ്പതരയോടെ വടകര വള്ളിക്കാട്ട് വെച്ചാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. സിപിഎമ്മാണ് കൊലക്ക് പിന്നിലെന്ന് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയും ആര്‍എംപി നേതാക്കളും ആരോപിച്ചിരുന്നു. സിപിഎം നേതാക്കളടക്കം 75 പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഒരു വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ 12 പേരെ കോടതി ശിക്ഷിച്ചു. കൊലയാളി സംഘത്തിലെ ഏഴുപേരും ഗൂഢാലോചന കുറ്റത്തിന് മൂന്ന് സിപിഎം നേതാക്കളും ജയിലിലാണ്.



Tags:    

Similar News