ആന്ധ്രയില്‍ ട്രെയിന്‍ ഇടിച്ച് ഏഴുമരണം

Update: 2022-04-12 03:44 GMT

ശ്രീകാകുളം: ആന്ധ്ര പ്രദേശിലെ ശ്രീകാകുളത്ത് പാളത്തിലൂടെ നടക്കുന്നവരെ ട്രെയിനിടിച്ച് ഏഴു മരണം. സെക്കന്തരാബാദ്-ഗുവാഹത്തി ട്രെയിനിലെ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിനില്‍ നിന്നും ഇറങ്ങി പാളത്തിലൂടെ നടക്കുകയായിരുന്നു യാത്രക്കാര്‍. കൊണാര്‍ക് എക്‌സ്പ്രസാണ് യാത്രക്കാരെ ഇടിച്ചത്.

ശ്രീകാകുളം ജില്ലയിലെ ബത്വാ ഗ്രാമത്തില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ചങ്ങല വലിച്ചാണ് ഏഴ് യാത്രക്കാരും ഇറങ്ങിയത്. പാളം മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്നും വന്ന കൊണാര്‍ക് എക്‌സ്പ്രസ് ഏഴ് പേരെയും ഇടിച്ചിടുകയായിരുന്നു. അഞ്ച് പേര്‍ സംഭവ സ്ഥലത്ത് വെച്ചും രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ചും മരിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ അസം സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച മറ്റുള്ളവരെ തിരിച്ചറിയാന്‍ പോലിസ് അന്വേഷണം പുരോഗമിക്കുകയാണ്. ഭുവനേശ്വറില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു കൊണാര്‍ക് എക്‌സ്പ്രസ്.

സെക്കന്തരാബാദ്-ഗുവാഹത്തി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് യാത്രക്കാരാണ് മരിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. സാങ്കേതിക തകരാര്‍ മൂലം ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഇവര്‍ ഇറങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യാ ടുഡേയിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഗുവാഹത്തി എക്‌സ്പ്രസില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ ചങ്ങല വലിച്ച് നിര്‍ത്തുകയായിരുന്നു.

Tags:    

Similar News