മരംകൊള്ളക്കേസ്: നാല് ചോദ്യങ്ങള്‍ക്കും വനംമന്ത്രിക്ക് ഒരേ ഉത്തരം...!
സാങ്കേതികമായി ആദ്യം നൽകിയ ഉത്തരം നൽകി വിവരം മറച്ചു വയ്ക്കാൻ ശ്രമിച്ചു എന്നുവേണം കരുതാൻ
തിരുവനന്തപുരം: മരംകൊള്ളക്കേസുമായി ബന്ധപ്പെട്ട് നിയമസഭയിൽ വിചിത്ര മറുപടിയുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാനത്ത് നടന്ന വനംകൊള്ളയുമായി ബന്ധപ്പെട്ട് എംഎൽഎമാരായ ടി ജെ വിനോദ്, എ പി അനിൽകുമാർ, സണ്ണി ജോസഫ്, എം വിൻസെന്റ് എന്നിവർ ആരാഞ്ഞ ചോദ്യത്തിനാണ് മന്ത്രി വിചിത്രമായി ഉത്തരം നൽകിയത്.
24.10.2020-ന് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവിനെ തുടർന്ന് നടന്ന മരംമുറി സംബന്ധിച്ച് വനം വിജിലൻസ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അന്വേഷണ റിപോർട്ട് സമർപ്പിച്ചിരുന്നോ?; വിശദാംശങ്ങൾ നൽകാമോ എന്നായിരുന്നു ചോദ്യം. റിപോർട്ട് സമർപ്പിച്ചിരുന്നെന്നും എല്ലാ അന്വേഷണ റിപോർട്ടുകളും പ്രത്യേകാന്വേഷണ സംഘത്തിന് നൽകിയെന്നുമാണ് ആദ്യ ഉത്തരം.
മരംമുറിക്ക് കൂട്ടുനിന്നതായി പറയപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ടോ? എന്നായിരുന്നു ചോദ്യമെങ്കിലും, സാങ്കേതികമായി ആദ്യം നൽകിയ ഉത്തരം നൽകി വിവരം മറച്ചു വയ്ക്കാൻ ശ്രമിച്ചു എന്നുവേണം കരുതാൻ.
ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?, പ്രസ്തുത റിപോര്‍ട്ടില്‍ ഐഎഫ്എസ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ശുപാര്‍ശ ചെയ്യുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ? തുടങ്ങിയ ചോദ്യങ്ങൾക്കും സമർപ്പിച്ചിരുന്നു, എന്നുതുടങ്ങുന്ന ആദ്യ ചോദ്യത്തിനുത്തരം തന്നെയാണ് മന്ത്രി നൽകിയത്.