യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു; മധ്യപ്രദേശില്‍ ആദിവാസികള്‍ പോലിസ് സ്‌റ്റേഷന്‍ ആക്രമിച്ചു
ഖാര്‍ഗോണ്‍ ജില്ലയില്‍ ബിസ്റ്റണ്‍ പോലിസ് സ്‌റ്റേഷനു നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ഖൈര്‍കുണ്ടി ഗ്രാമത്തില്‍ നടന്ന കവര്‍ച്ചാ സംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്ത 12 പ്രതികളില്‍ ഒരാള്‍ തിങ്കളാഴ്ച വൈകീട്ട് ജയിലില്‍ വച്ച് മരിക്കുകയായിരുന്നു.
ഖാര്‍ഗോണ്‍/ഭോപ്പാല്‍: മധ്യപ്രദേശില്‍ മോഷണക്കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ച് പോലിസ് അറസ്റ്റ് ചെയ്ത ആദിവാസി യുവാവ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെതുടര്‍ന്ന് നൂറുകണക്കിന് ഗ്രാമവാസികള്‍ പോലിസ് സ്‌റ്റേഷനിലേക്ക് അതിക്രമിച്ചുകയറി ആക്രമണം അഴിച്ചുവിട്ടു. ഖാര്‍ഗോണ്‍ ജില്ലയില്‍ ബിസ്റ്റണ്‍ പോലിസ് സ്‌റ്റേഷനു നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ഖൈര്‍കുണ്ടി ഗ്രാമത്തില്‍ നടന്ന കവര്‍ച്ചാ സംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്ത 12 പ്രതികളില്‍ ഒരാള്‍ തിങ്കളാഴ്ച വൈകീട്ട് ജയിലില്‍ വച്ച് മരിക്കുകയായിരുന്നു.
മരണവിവരമറിഞ്ഞ് നൂറുകണക്കിന് ആദിവാസികള്‍ ബിസ്റ്റണ്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും പോലിസ് വാഹനങ്ങളും ഫര്‍ണിച്ചറുകളും തകര്‍ക്കുകയും കല്ലെറിയുകയും ചെയ്‌തെന്നാണ് റിപോര്‍ട്ടുകള്‍. പോലിസ് അറസ്റ്റുചെയ്ത പ്രതികളെ പോലിസ് സ്‌റ്റേഷനില്‍ വച്ച് പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ ഗ്രാമവാസികള്‍ കല്ലെറിയുന്നതും പോലിസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുന്നതും കാണാം. ചില പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും പറയപ്പെടുന്നു.
'മധ്യപ്രദേശിലെ ആദിവാസികളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. നെമാവാറിനും നേമുച്ചിനും ശേഷം ഖാര്‍ഗോണ്‍ ജില്ലയിലെ ബിസ്റ്റണ്‍ പോലിസ് സ്‌റ്റേഷനില്‍ പീഡനത്തിനിരയായ ഒരു ആദിവാസി യുവാവിന്റെ മരണവും ബാലഘട്ട് ജില്ലയിലെ സ്‌കൂളില്‍ പോയ ആദിവാസി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടതും ഇതിന്റെ തുടര്‍ച്ചയാണ്'-മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് കുറ്റപ്പെടുത്തി.