ത്രിപുരയില്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ നേതാവിന് നേരേ വധശ്രമം

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ സുരക്ഷാ വിന്യാസം ശക്തമാക്കി

Update: 2022-06-20 06:15 GMT
ത്രിപുരയില്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ നേതാവിന് നേരേ വധശ്രമം

അഗര്‍ത്തല: മുന്‍ ആരോഗ്യ മന്ത്രിയും അഗര്‍ത്തല നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ സുദീപ് റോയ് ബര്‍മ്മന് നേരെ വധ ശ്രമം.സുദീപ് റോയ് ബര്‍മ്മന്റെ വാഹനവും കോണ്‍ഗ്രസ് പതാകകളും നശിപ്പിക്കപ്പെട്ടു.സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഞായറാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.പ്രചരണത്തിന്റെ ഭാഗമായി ഉജന്‍ അഭോയ് നഗറിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം.ഗുരുതരമായി പരിക്കേറ്റ സുദീപ് റോയ് ബര്‍മ്മനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബര്‍മന്‍ സുരക്ഷാ ഗാര്‍ഡുകളെ തന്നോടൊപ്പം കൊണ്ടുപോയില്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഇഷ്ടികയും വടിയും ഉപയോഗിച്ചാണ് ഇയാളെ ആക്രമിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ സുരക്ഷാ വിന്യാസം ശക്തമാക്കി.

നേരത്തെ മേയ് 2ന് സുദീപ് റോയ് ബര്‍മ്മന്റെ സുരക്ഷ ഉദ്യോഗസ്ഥനും, ഡ്രൈവര്‍ക്കുമെതിരേ ആക്രമണം നടന്നിരുന്നു.ആ ആക്രമത്തില്‍ ബര്‍മന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണം.

ഈ വര്‍ഷം ആദ്യമാണ് സുദീപ് റോയ് ബര്‍മ്മന്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയത്. ബിജെപി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന സുദീപ് റോയ് ബര്‍മ്മനെ പാര്‍ട്ടി വിരുദ്ധ നടപടി ആരോപിച്ച് പുറത്താക്കുകയായിരുന്നു. 1998 മുതല്‍ സംസ്ഥാന തലസ്ഥാനത്തെ എംഎല്‍എയായിരുന്ന സുദീപ് റോയ് ബര്‍മ്മന്‍ ഫെബ്രുവരിയിലാണ് എംഎല്‍എ സ്ഥാനം രാജിവെച്ചത്. അതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ്.ത്രിപുരയിലെ നാല് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 23 നും വോട്ടെണ്ണല്‍ ജൂണ്‍ 26 നും നടക്കും.


Tags:    

Similar News