നയതന്ത്ര ബാഗിലൂടെ സ്വര്‍ണ്ണക്കടത്ത്: കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും നോട്ടീസ് അയച്ച് കസ്റ്റംസ്
മുന്‍ കോണ്‍സുലര്‍ ജനറലിനും അറ്റാഷെയക്കും കാരണം കാണിക്കല്‍ നോട്ടീസ് അയ്ക്കാന്‍ കസ്റ്റംസിന് വിദേശ കാര്യമന്ത്രാലയം അനുമതി നല്‍കി. കസ്റ്റംസ് വിദേശകാര്യമന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
കൊച്ചി: ദുബായില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് മുന്‍ കോണ്‍സുലര്‍ ജനറലിലും അറ്റാഷെയ്ക്കുമെതിരെ കസ്റ്റംസ് നടപടി.ഇരുവര്‍ക്കുമെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയ്ക്കാന്‍ കസ്റ്റംസിന് വിദേശ കാര്യമന്ത്രാലയം അനുമതി നല്‍കി.ഇതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് നോട്ടീസ് അയക്കാനുള്ള അനുമതി തേടി കസ്റ്റംസ് വിദേശകാര്യമന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ അപേക്ഷയിലാണ് ഇപ്പോള്‍ കസ്റ്റംസിന് അനുമതി ലഭിച്ചിരിക്കുന്നത്.നോട്ടീസിന്റെ മറുപടി അനുസരിച്ചായിരിക്കും തുടര്‍ നടപടി സ്വീകരിക്കുകയെന്നാണ് വിവരം.അതേ സമയം നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഇവരെ വിചാരണക്ക് വിധേയമാക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് വിവരം
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പി എസ് സരിത്, സ്വപ്‌ന സുരേഷ്,സന്ദീപ് നായര്‍ ഉള്‍പ്പെടെയുളളവരെ നേരത്തെ കസ്റ്റംസ് അറസ്റ്റു ചെയ്തിരുന്നു. ഇതില്‍ സ്വപ്‌നയുടെയം സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ കസ്റ്റംസ് നടപടി തുടങ്ങിയത്.കഴിഞ്ഞ വര്‍ഷം ജൂണ്‍ 30 നാണ് ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക്ക് ബാഗിലൂടെ കടത്തിക്കൊണ്ടുവന്ന 14.82 കോടി രൂപയുടെ സ്വര്‍ണം തിരുവന്തപുരം വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് പിടികൂടിയത്.കോണ്‍സുലര്‍ ജനറലിന്റെ പേരിലായിരുന്നു നയതന്ത്ര ബാഗ് വന്നത്.
കേസിലെ ഒന്നാം പ്രതിയായ സരിത്താണ് ബാഗ് വിമാനത്താവളത്തില്‍ എത്തി സ്വീകരിച്ചത്.യുഎഇ കോണ്‍സുലേറ്റില്‍ പി ആര്‍ ഒ ആയി സരിത്ത് നേരത്തെ ജോലി ചെയ്തിരുന്നു.കേസില്‍ സരിത്തിനെയാണ് ആദ്യം കസ്റ്റംസ് അറസ്റ്റു ചെയ്തത്.ഇതോടെയാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്തിന്റെ ചുരുളഴിഞ്ഞത്.സരിത്തിന്റെ അറസ്റ്റിനു പിന്നാലെ മുന്‍ കോണ്‍സുലര്‍ ജനറലും അറ്റാഷെയും ഇന്ത്യ വിടുകയും ചെയ്തിരുന്നു.കസ്റ്റംസിനു പിന്നാലെ എന്‍ ഐ എയും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സരിത്തില്‍ നിന്നും കിട്ടിയ വിവരമനസരിച്ച് പിന്നീട് എന്‍ ഐ എയാണ് കേസിലെ മറ്റു പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ബാംഗ്ലൂരില്‍ നിന്നും അറസ്റ്റു ചെയ്തു.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സ്വര്‍ണ്ണക്കടത്തിനു പിന്നിലെ വിദേശ ബന്ധവും വെളിപ്പെടുകയായിരുന്നു.സ്വര്‍ണ്ണകടത്തു കേസമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി എം ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരെയും കസ്റ്റംസ് അറസ്റ്റു ചെയ്തിരുന്നു.എന്‍ ഐ എയക്കും കസ്റ്റംസിനും പിന്നാലെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റര്‍ ചെയ്ത് ഇവരെ അറസ്റ്റു ചെയ്തിരുന്നു.