ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടി ഏഴരലക്ഷത്തോളം ഇന്ത്യക്കാരെ ബാധിക്കാമെന്ന് റിപോര്‍ട്ട്
വാഷിങ്ടണ്‍: യുഎസില്‍ അനധികൃതമായി കുടിയേറിയ ദശലക്ഷക്കണക്കിന് പേരെ പുറത്താക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് ഏഴരലക്ഷത്തോളം ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കാമെന്ന്് റിപോര്‍ട്ട്. കുടിയേറ്റക്കാരെ പിടികൂടി കരമാര്‍ഗമോ വായുമാര്‍ഗമോ പുറത്താക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസില്‍ അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരുടെ എണ്ണം 7,25,000 വരുമെന്നാണ് ഇക്കണോമിക് ടൈംസിലെ റിപോര്‍ട്ട് പറയുന്നത്. 40 ലക്ഷം പേരുമായി മെക്‌സിക്കോയും 7,50,000 പേരുമായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോറും മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
യുഎസില്‍ ഏകദേശം 1.1 കോടി മുതല്‍ 1.4 കോടി വരെ അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് ചില കണക്കുകള്‍ പറയുന്നത്. ഇത്രയും പേരെ പുറത്താക്കുന്നത് വലിയ പ്രയാസം സര്‍ക്കാരിന് സൃഷ്ടിക്കും. ജോര്‍ജ് ബുഷ്, ബരാക്ക് ഒബാമ, ജോ ബൈഡന്‍ സര്‍ക്കാരുകള്‍ കൊണ്ടുവന്ന ചില ഉത്തരവുകളും ട്രംപിന്റെ നടപടികളെ നിയമപരമായി ബാധിക്കാം.
യുഎസില്‍ 2-2.5 കോടി അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് ട്രംപിന്റെ വാദം. ഇത്രയും പേര്‍ കുടിയേറിയതിനാല്‍ കുടിയേറ്റത്തെ അധിനിവേശം എന്നുവിളിക്കണമെന്നാണ് ട്രംപിന്റെ നിലപാട്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരെ പുറത്താക്കി വേണം നടപടി ആരംഭിക്കാനെന്നാണ് ട്രംപ് പറയുന്നത്. നിസാര കേസുകളില്‍ പ്രതിയായവരുടെ എണ്ണം മാത്രം ഏകദേശം 6,55,000 വരും. നിലവില്‍ ഈ വിഭാഗത്തില്‍ നിന്നുള്ള 40,000 പേര്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ കസ്റ്റഡിയിലുണ്ട്. ഇതില്‍ ഇന്ത്യക്കാരുടെ എണ്ണം എത്രയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.