'ഫ്രഞ്ച് പ്രസിഡന്റ് ഇസ്‌ലാമോ ഫോബിയ പ്രോല്‍സാഹിപ്പിക്കുന്നു': ഗുരുതര ആരോപണവുമായി തുര്‍ക്കി
മാക്രോണ്‍ അടുത്തിടെ നടത്തിയ 'ഇസ്‌ലാം പ്രതിസന്ധിയിലാണ്' എന്ന പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് തുര്‍ക്കിയുടെ വിമര്‍ശനം.
ആങ്കറ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇസ്‌ലാമോ ഫോബിയയെ പ്രോത്സാഹിപ്പിക്കുകയാണെന്ന ഗുരുതര ആരോപണമുയര്‍ത്തി തുര്‍ക്കി. മാക്രോണ്‍ അടുത്തിടെ നടത്തിയ 'ഇസ്‌ലാം പ്രതിസന്ധിയിലാണ്' എന്ന പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് തുര്‍ക്കിയുടെ വിമര്‍ശനം.
'ഇസ്‌ലാം പ്രതിസന്ധിയിലാണ്' എന്ന പ്രസിഡന്റ് മാക്രോണിന്റെ അവകാശവാദം ഇസ്‌ലാമോഫോബിയയെയും മുസ്‌ലിം വിരുദ്ധ വികാരം പ്രോത്സാഹിപ്പിക്കുന്ന അപകടകരവും പ്രകോപനപരവുമായ പ്രസ്താവനയാണെന്ന് പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹിം കലിന്‍ ട്വിറ്ററില്‍ കുറിച്ചു. ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പരാജയങ്ങള്‍ക്ക് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ബലിയാടാക്കുന്നത് യുക്തി സഹമല്ലെന്നും കലിന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വെള്ളിയാഴ്ച മാക്രോണ്‍ രാജ്യത്തെ 'ഇസ്‌ലാമിക വിഘടനവാദ'ത്തിനെതിരേ ഒരു വിവാദ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിനിടെയാണ് 'ലോകമെമ്പാടും പ്രതിസന്ധി നേരിടുന്ന ഒരു മതമാണ് ഇസ്‌ലാം' എന്ന വിവാദ പരാമര്‍ശം മാക്രോണ്‍ നടത്തിയത്.