മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ച സംഭവം: ചികിത്സാ സമയത്ത് കൈകള്‍ ബന്ധിച്ചിരുന്നതായി രോഗി
അതേസമയം, രോഗിയെ പുഴുവരിച്ച സംഭവം ജീവനക്കാരുടെ വീഴ്ച്ച മൂലമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. തുടര്‍നടപടിക്ക് ശുപാര്‍ശയുമായി റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറും.
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരേ ഗുരുതര ആരോപണവുമായി കുടുംബം. ചികിത്സാ സമയത്ത് കൈകള്‍ കട്ടിലില്‍ ബന്ധിച്ചിരുന്നതായി അനില്‍കുമാറിന്റെ മകള്‍ അഞ്ജന പറഞ്ഞു. ഡയപ്പര്‍ പോലും മാറ്റാന്‍ ആശുപത്രി ജീവനക്കാര്‍ കൂട്ടാക്കിയില്ലെന്ന ഗുരുതര ആരോപണവും കുടുംബം ഉന്നയിക്കുന്നുണ്ട്.
അനില്‍കുമാറിന്റെ നിലയില്‍ പുരോഗതിയുണ്ടെന്നും എന്നാല്‍ കൊവിഡ് ഫലം ഇപ്പോഴും പോസിറ്റീവ് ആണെന്നും കുടുംബം വ്യക്തമാക്കി. അതേസമയം, രോഗിയെ പുഴുവരിച്ച സംഭവം ജീവനക്കാരുടെ വീഴ്ച്ച മൂലമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. തുടര്‍നടപടിക്ക് ശുപാര്‍ശയുമായി റിപ്പോര്‍ട്ട് ആരോഗ്യമന്ത്രിക്ക് കൈമാറും. മതിയായ ചികിത്സ ലഭിച്ചില്ലെന്ന് മകള്‍ പരാതിപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴുത്തിന് താഴേയ്ക്ക് തളര്‍ന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനെയാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 21ന് പണി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നി വീണ് അനില്‍കുമാറിന് പരുക്കേറ്റിരുന്നു. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ച അനില്‍കുമാറിനെ 22ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അവിടെ ചികിത്സയിലിരിക്കെ സെപ്തംബര്‍ 6ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാകുന്നത്. ഈ സാഹചര്യത്തില്‍ അനില്‍കുമാറിന്റെ ബന്ധുക്കളോട് ക്വാറന്റൈനില്‍ പോകാന്‍ പറയുകയും അനില്‍കുമാറിനെ കൊവിഡ് വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് അനില്‍കുമാറിന്റെ ഭാര്യയും മക്കളും വീട്ടില്‍ ക്വാറന്റൈനിലായിരുന്നു.
സെപ്തംബര്‍ 26നാണ് അനില്‍കുമാറിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആകുന്നത്. അനില്‍കുമാറിനെ വന്ന് കൊണ്ടുപോകാമെന്ന് ആശുപത്രി അധികൃതര്‍ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് 27 ന് കുടുംബം ആശുപത്രിയിലെത്തി അനില്‍കുമാറിനെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് ശരീരം പുഴുവരിച്ച നിലയില്‍ കണ്ടത്. അച്ഛനെ അത്രയും കാലം ഒരു തുള്ളിവെള്ളം പോലും കൊടുക്കാത്ത നിലയിലാണ് ആശുപത്രിയില്‍ കഴിയേണ്ടിവന്നതെന്നാണ് അവസ്ഥ കണ്ടപ്പോള്‍ മനസ്സിലായതെന്ന് മകള്‍ പറയുന്നു.