മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്ട്‌സാപ്പ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണന് സസ്‌പെന്‍ഷന്‍, പരസ്യ അധിക്ഷേപത്തില്‍ എന്‍ പ്രശാന്തിനും സസ്‌പെന്‍ഷന്‍
ഇരുവരുടെയും പ്രവൃത്തികള്‍ പ്രഥമദൃഷ്ട്യാ ചട്ടലംഘനമാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
തിരുവനന്തപുരം: മലയാളികളായ ഹിന്ദു ഐഎഎസ് ഓഫീസര്‍മാര്‍ക്കായി വാട്ട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെ പരസ്യമായി അപമാനിച്ച എന്‍ പ്രശാന്തിനെയും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇരുവരുടെയും പ്രവൃത്തികള്‍ പ്രഥമദൃഷ്ട്യാ ചട്ടലംഘനമാണെന്ന് ചീഫ് സെക്രട്ടറി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കാന്‍ അന്വേഷണ റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കി. ഇതില്‍ മുഖ്യമന്ത്രിയാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്ന സൂചനകള്‍ പുറത്തുവന്നതിന് ശേഷവും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ് രംഗത്ത് വന്നിരുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കരിയറും ജീവിതവും നശിപ്പിച്ച ആളാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകെന്ന് എന്‍ പ്രശാന്ത് ആരോപിച്ചു. താന്‍ വിസില്‍ ബ്ലോവറാണെന്നും എന്‍ പ്രശാന്ത് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലെ കമന്റില്‍ ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മറുപടിയുണ്ടോ എന്ന ചോദ്യത്തിന് അതാരെന്നായിരുന്നു എന്‍ പ്രശാന്തിന്റെ പരിഹാസം.
മതങ്ങളുടെ പേരില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിലും ചീഫ് സെക്രട്ടറി നടപടിക്ക് ശുപാര്‍ശ ചെയ്ത് റിപോര്‍ട്ട് നല്‍കിയിരുന്നു. കെ ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉചിതമായ നടപടിയെടുക്കാമെന്നാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. ഈ റിപോര്‍ട്ടുകളിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്.