സംഘര്‍ഷം വ്യാപകമാവുന്നു: മണിപ്പൂരിലെ അഞ്ച് ജില്ലകളില്‍ വീണ്ടും അഫ്‌സ്പ നിയമം പ്രാബല്യത്തില്‍
ഇംഫാല്‍, ഇംഫാല്‍ വെസ്റ്റ്, ജിരിബാം, കാംഗോക്‌പൈ, ബിഷ്ണുപൂര്‍ എന്നിവിടങ്ങളിലാണ് നിയമം നടപ്പാവുക.
ന്യൂഡല്‍ഹി: മണിപ്പൂരില്‍ സംഘര്‍ഷം വ്യാപകമായ പശ്ചാത്തലത്തില്‍ അഞ്ച് ജില്ലകളില്‍ വീണ്ടും പ്രത്യേക സൈനികാധികാര നിയമം അഥവാ അഫ്‌സ്പ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം പതിനൊന്ന് കുക്കി വിഭാഗക്കാരെ സൈന്യം വെടിവച്ചു കൊന്ന ജിരിബാം ജില്ല അടക്കം അഞ്ചു ജില്ലകളിലാണ് നിയമം പുനസ്ഥാപിച്ചിരിക്കുന്നത്. ഈ അഞ്ച് ജില്ലകളിലെ ആറു പോലിസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് നിയമം നടപ്പാവുക. ഇംഫാല്‍, ഇംഫാല്‍ വെസ്റ്റ്, ജിരിബാം, കാംഗോക്‌പൈ, ബിഷ്ണുപൂര്‍ എന്നിവിടങ്ങളിലാണ് നിയമം നടപ്പാവുക.
2024 ഒക്ടോബര്‍ ഒന്നിന് ഈ പ്രദേശങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ അഫ്‌സ്പ പിന്‍വലിച്ചിരുന്നു. അഫ്‌സ്പ വീണ്ടും വരുന്നതോടെ സൈന്യത്തിന് പ്രദേശത്ത് പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കും. കൂടാതെ സൈനികനടപടികള്‍ മൂലമുണ്ടാവുന്ന നിയമപ്രശ്‌നങ്ങള്‍ നേരിടേണ്ടിയും വരില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ മണിപ്പൂരില്‍ മെയ്‌തെയ് വിഭാഗക്കാരും ക്രിസ്ത്യാനികളായ കുക്കി വിഭാഗക്കാരും തമ്മില്‍ സംഘര്‍ഷം നടക്കുകയാണ്.