ജമ്മു കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് കേന്ദ്രത്തിന്റെ പരിഗണനയില്‍: അമിത് ഷാ
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സായുധ സേന(പ്രത്യേക അധികാരം) നിയമം പിന്‍വലിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജെകെ മീഡിയ ഗ്രൂപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കേന്ദ്രഭരണപ്രദേശത്ത് സൈന്യത്തെ പിന്‍വലിക്കാനും ക്രമസമാധാനം ജമ്മു കശ്മീര്‍ പോലിസിന് മാത്രം വിട്ടുകൊടുക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. നേരത്തെ ജമ്മു കശ്മീര്‍ പോലിസില്‍ വിശ്വാസമില്ലായിരുന്നു, എന്നാല്‍ ഇന്ന് അവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. മണിപ്പൂരിലെ വിവാദമായ അഫ്‌സ്പ പിന്‍വലിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംഘര്‍ഷപ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സായുധ സേനാംഗങ്ങള്‍ക്ക് 'പൊതു ക്രമസമാധാനപാലനത്തിന്' ആവശ്യമെന്ന് തോന്നിയാല്‍ തിരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിര്‍ക്കാനുമുള്ള അമിതാധികാരം
നല്‍കുന്ന അഫ്‌സ്പയ്‌ക്കെതിരേ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. ജമ്മുകശ്മീരില്‍ പ്രാബല്യത്തില്‍ ഉണ്ടെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 70 ശതമാനം പ്രദേശങ്ങളിലും അഫ്‌സ്പ നീക്കം ചെയ്തതായി ഷാ നേരത്തെ പറഞ്ഞിരുന്നു. സപ്തംബറിന് മുമ്പ് ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരില്‍ ജനാധിപത്യം ഉറപ്പാക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമാണെന്നും അത് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് സപ്തംബറിന് മുമ്പ് നടത്തണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു വ്യാജ ഏറ്റുമുട്ടല്‍ പോലും ജമ്മു കശ്മീരില്‍ നടന്നിട്ടില്ല. പകരം വ്യാജ ഏറ്റുമുട്ടലുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കശ്മീരിലെ യുവാക്കളുമായി ഞങ്ങള്‍ ചര്‍ച്ച നടത്തും. പാകിസ്താനില്‍ വേരുകളുള്ള സംഘടനകളോടല്ല. 40,000 യുവാക്കളുടെ മരണത്തിന് അവരാണ് ഉത്തരവാദികള്‍. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് 12 സംഘടനകളെ മോദി സര്‍ക്കാര്‍ നിരോധിച്ചു. 36 വ്യക്തികളെ തീവ്രവാദികളായി പ്രഖ്യാപിച്ചു. തീവ്രവാദ ധനസഹായം തടയാന്‍ 22 ലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 150 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 90 ഓളം വസ്തുവകകള്‍ കണ്ടുകെട്ടിയതായും 134 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
2004 മുതല്‍ 2014 വരെ 7217 ആക്രമണങ്ങളാണ് നടന്നത്. 2014 മുതല്‍ 2023 വരെ ഇത് 2227 ആയി കുറഞ്ഞു. ഏകദേശം 70 ശതമാനം കുറവാണിത്. 2004 മുതല്‍ 2014 വരെയുള്ള മൊത്തം മരണങ്ങളുടെ എണ്ണം 2829 ആയിരുന്നു. 2014-23 കാലയളവില്‍ ഇത് 915 ആയി കുറഞ്ഞു. 68 ശതമാനമാണ് കുറഞ്ഞത്. സാധാരണക്കാരുടെ മരണം 1770 ആയിരുന്നത് 341 ആയി കുറഞ്ഞു. അതായത് 81 ശതമാനം ഇടിവ്. സുരക്ഷാ സേനയുടെ മരണം 1060 ല്‍ നിന്ന് 574 ആയി കുറഞ്ഞു. 46 ശതമാനം കുറവ് വന്നതായും അമിത് ഷാ അവകാശപ്പെട്ടു.