അഫ്‌സ്പ പിന്‍വലിക്കണം: നാഗാലാന്‍ഡില്‍ 70കിലോമീറ്റര്‍ ലോങ് മാര്‍ച്ച് ആരംഭിച്ചു

Update: 2022-01-10 09:30 GMT

ദിമാപൂര്‍: അഫ്‌സ്പ പിന്‍വലിക്കണമെന്നും മോണ്‍ ജില്ലയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ട 14 സിവിലിയന്മാര്‍ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് നാഗാലാന്‍ഡില്‍ 70 കിലോമീറ്റര്‍ ലോങ് മാര്‍ച്ച് ആരംഭിച്ചു. നാഗാലാന്‍ഡിലെ വാണിജ്യ കേന്ദ്രമായ ദിമാപൂരില്‍ നിന്ന് സംസ്ഥാന തലസ്ഥാനമായ കൊഹിമയിലേക്ക് 70 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള ദ്വിദിന പദയാത്രയാണ് ആരംഭിച്ചത്. മോണ്‍ കൂട്ടക്കൊലക്കെതിരേ നാഗാലാന്‍ഡില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രക്ഷോഭത്തിനുള്ള ആഹ്വാനം ഉയര്‍ന്നതിനെ തുടര്‍ന്ന് പൗരാവകാശ സംഘടനകളും ദലിത് സംഘടനകളും തെരുവിലിറങ്ങി.

സായുധ സേനയുടെ പ്രത്യേക അധികാര നിയമം (AFSPA) പിന്‍വലിക്കണമെന്നും ഇരകള്‍ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് സന്നദ്ധപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും സാധാരണക്കാരും പ്ലക്കാര്‍ഡുകളുമായി ലോങ് മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് രാവിലെ ദിമാപൂരിലെ സൂപ്പര്‍ മാര്‍ക്കറ്റ് ഏരിയയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.

അഫ്‌സ്പയ്‌ക്കെതിരായ ജനങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതിനും 'മനുഷ്യര്‍ എന്ന നിലയിലുള്ള നമ്മുടെ അന്തസ്സ്' പുനഃസ്ഥാപിക്കുന്നതിനുമുള്ള സമാധാനപരവും നിശ്ശബ്ദവും ജനാധിപത്യപരവുമായ നടപടിയാണിതെന്ന് വാക്കത്തോണിന്റെ കോര്‍ഡിനേറ്റര്‍മാരിലൊരാളായ റുകെവെസോ വെത്സാ പറഞ്ഞു.

മോണ്‍ സംഭവത്തെത്തുടര്‍ന്ന് ജനങ്ങളുടെ ആവശ്യത്തിന് ചെവികൊടുക്കാതെ ഡിസംബര്‍ 30ന് കേന്ദ്രം അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ അതൃപ്തി പ്രകടിപ്പിക്കാന്‍ പൊതുജനങ്ങള്‍ ഒന്നിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 4, 5 തീയതികളില്‍ മോണ്‍ ജില്ലയില്‍ സുരക്ഷാസേനയുടെ വെടിവയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഇത് രാജ്യവ്യാപകമായ രോഷത്തിന് കാരണമാവുകയും AFSPA പിന്‍വലിക്കണമെന്നുള്ള ആവശ്യം ശക്തമാവുകയും ചെയ്തു.

Tags:    

Similar News