ജഡ്ജിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍
പ്രഭാത സവാരിക്കിടെ ജഡ്ജിയെ ഇരുവരും കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോറിക്ഷയുമായി പിന്നിലൂടെ എത്തി റോഡിന്റെ വശത്തൂടെ നടക്കുകയായിരുന്ന ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ അഡീഷനല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തതിനു പിന്നാലെയാണ് അറസ്റ്റ്.
പ്രഭാത സവാരിക്കിടെ ജഡ്ജിയെ ഇരുവരും കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോറിക്ഷയുമായി പിന്നിലൂടെ എത്തി റോഡിന്റെ വശത്തൂടെ നടക്കുകയായിരുന്ന ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നതെന്ന് പോലിസ് വ്യക്തമാക്കി. രക്തത്തില്‍ കുളിച്ച് റോഡരികില്‍ കിടക്കുകയായിരുന്ന ജഡ്ജിയെ സമീപത്തു കൂടെ പോയ യാത്രക്കാരനാണ് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്.
ജഡ്ജിയെ കൊല്ലാന്‍ ഉപയോഗിച്ച ഓട്ടോ മോഷ്ടിക്കപ്പെട്ടതാണെന്ന് പോലിസ് പറയുന്നു. സംഭവത്തിന് ഏതാനും മണിക്കൂര്‍ മാത്രം മുന്‍പാണ് ഓട്ടോ മോഷ്ടിച്ചത്. ഓട്ടോ ധന്‍ബാദില്‍ തന്നെയുള്ള ഒരു സ്ത്രീയുടെ പേരിലാണെന്ന് ഓട്ടോ ഓടിച്ച പ്രതി പോലിസിനോട് സമ്മതിച്ചിട്ടുണ്ട്.
പ്രഭാത സവാരിക്കിറങ്ങിയ ജഡ്ജി വീട്ടില്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പോലിസില്‍ പരാതി പറഞ്ഞു. പിന്നീട് മൃതദേഹം ജഡ്ജിയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തുടക്കത്തില്‍, ജഡ്ജി റോഡപകടത്തില്‍ മരിച്ചുവെന്നായിരുന്നു അനുമാനം. എന്നാല്‍ വൈകീട്ടോടെ സിസിടിവി ഫൂട്ടേജുകള്‍ കണ്ടതോടെയാണ് മനപ്പൂര്‍വം വാഹനമിടിച്ചതാണെന്ന് തെളിയുന്നത്. പിന്നാലെ നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ രണ്ട് പേരുടെ അറസ്റ്റില്‍ കലാശിച്ചത്.
സംഭവം സുപ്രിംകോടതിയിലും ചര്‍ച്ചാവിഷയമായിരുന്നു. സുപ്രിംകോടതി ബാര്‍ അസോസിയേഷനെ പ്രതിനിധീകരിച്ച് അഭിഭാഷകനായ വികാസ് സിങ്ങാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ വിഷയം അവതരിപ്പിച്ചത്. ഇത് ജുഡീഷ്യറിക്കെതിരായ ആക്രമണമാണെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്നും വികാസ് സിങ് ആവശ്യപ്പെട്ടിരുന്നു.