ടൈറ്റാനിയം ഫര്‍ണസ് ഓയില്‍ ചോര്‍ച്ച: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: ടൈറ്റാനിയം കമ്പനിയിലെ ഫര്‍ണസ് ഓയില്‍ ചോര്‍ന്ന സംഭവത്തില്‍,വീഴ്ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പമ്പിങ് സെക്ഷന്‍ ചുമതലയുള്ള ഗ്ലാഡ്‌വിന്‍, യൂജിന്‍ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കമ്പനി നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ജീവനക്കാരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.
2000 മുതല്‍ 5000 ലിറ്റര്‍ വരെ ഫര്‍ണസ് ഓയിലാണ് കഴിഞ്ഞ ദിവസം ചോര്‍ന്നത്. മല്‍സ്യത്തൊഴിലാളികള്‍ അറിയിച്ചപ്പോഴാണ് കമ്പനി വിവരം അറിഞ്ഞത്. അപ്പോഴേക്കും തീരത്താകെ ഓയില്‍ പടര്‍ന്നിരുന്നു. സള്‍ഫര്‍ ഉള്‍പ്പെടെ രാസവസ്തുക്കള്‍ ഉള്ള എണ്ണയായതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന ആശങ്ക നിലനിന്നിരുന്നു. എണ്ണയുടെ അംശം പൂര്‍ണമായും നീക്കിയ ശേഷം കമ്പനിക്ക് തുറന്നു പ്രവര്‍ത്തിച്ച് തുടങ്ങി.