കപ്പല്‍ ബോട്ടിലിടിച്ചു രണ്ടുപേര്‍ മരണപ്പെട്ട സംഭവം: എസ്ഡിടിയു ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി
മലപ്പുറം: പൊന്നാനിയില്‍ കപ്പല്‍ ബോട്ടിലിടിച്ച് മരണപ്പെട്ട രണ്ടുപേരുടെ ആശ്രിതര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കണമെന്നും അപകടത്തില്‍പ്പെട്ട നാലുപേര്‍ക്ക് ധനസഹായം അനുവദിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍(എസ്ഡിടിയു) സംസ്ഥാന ഖജാഞ്ചി അഡ്വ. എ എ റഹീം, ജില്ലാ ജനറല്‍ സെക്രട്ടറി അലി കണ്ണിയത്ത് എന്നിവര്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. പരിക്കേറ്റവരില്‍ ചിലര്‍ക്ക് വിദഗ്ധ ചികില്‍സ ആവശ്യമുണ്ട്. അവര്‍ക്ക് ആവശ്യമായ വിദഗ്ധ ചികില്‍സ ഉറപ്പുവരുത്തണം. കപ്പല്‍ ചാലിലൂടെ സഞ്ചരിക്കാതെ വഴിമാറി മല്‍സ്യബന്ധന ഏരിയയിലൂടെ അപകടകരമായ രീതിയില്‍ സഞ്ചരിച്ച് ബോട്ടിനെ ഇടിച്ചതില്‍ കപ്പലിന്റെ ഉടമസ്ഥരില്‍ നിന്നു അര്‍ഹമായ നഷ്ടപരിഹാരം ഈടാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. പരിക്കേറ്റവരെ എസ്ഡിടിയു ജില്ലാ പ്രസിഡന്റ് ഫത്താഹ് പൊന്നാനി, സെക്രട്ടറി കെ ബിലാല്‍ സന്ദര്‍ശിച്ചു.