ബംഗാളില്‍ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ടു

സൗത്ത് 24 പര്‍ഗാനയിലും ബര്‍ദ്വാന്‍ ജില്ലയിലുമാണ് കൊലപാതകങ്ങള്‍ അരങ്ങേറിയത്

Update: 2020-06-10 18:00 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബുധനാഴ്ച നടന്ന അക്രമസംഭവങ്ങളില്‍ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ടു. സൗത്ത് 24 പര്‍ഗാനയിലും ബര്‍ദ്വാന്‍ ജില്ലയിലുമാണ് കൊലപാതകങ്ങള്‍ അരങ്ങേറിയത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുവജന വിഭാഗത്തില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ ഫലമാണ് രണ്ട് കൊലപാതകങ്ങളുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം നിഷേധിക്കുകയും ആക്രമണത്തിനു പിന്നില്‍ പ്രതിപക്ഷ പാര്‍ട്ടികളാണെന്നു കുറ്റപ്പെടുത്തുകയും ചെയ്തു.

    സൗത്ത് 24 പര്‍ഗാന ജില്ലയിലെ ബസന്തി പ്രദേശത്ത് രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് 56 കാരനായ അമീര്‍ അലി ഖാന്‍ കൊല്ലപ്പെട്ടതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്രമികള്‍ ബോംബെറിഞ്ഞ ശേഷം രക്ഷപ്പെട്ടു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് ശേഷം നിരവധി യുവാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടാക്രമിച്ചു. വീട്ടില്‍ നിന്ന് നിരവധി ബോംബുകള്‍ പോലിസ് കണ്ടെടുത്തിട്ടുണ്ട്.

    മറ്റൊരു സംഭവത്തില്‍, കിഴക്കന്‍ ബര്‍ദ്വാന്‍ ജില്ലയിലെ ലഖിപൂര്‍ പ്രദേശത്ത് തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് ടിഎംസി യുവജന വിഭാഗത്തിലെ അംഗമായിരുന്ന ഗൗതം ദാസ് എന്ന യുവാവ് കൊല്ലപ്പെട്ടത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ രാവിലെയാണ് ഏറ്റുമുട്ടിയതെന്ന് പോലിസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലിസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിന്റെ തെളിവാണിതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.




Tags:    

Similar News