മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പിലേക്കോ ?; ഗവര്‍ണര്‍ക്ക് മുന്നില്‍ ആവശ്യമുന്നയിച്ച് ബിജെപി

Update: 2022-06-28 18:11 GMT

മുംബൈ: മഹാരാഷ്ട്രയില്‍ ഏതാനും ദിവസങ്ങളായി രാഷ്ട്രീയ നാടകം ക്ലൈമാക്‌സിലേക്ക് കടക്കുന്നു. മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടതായി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. രാജ്ഭവനില്‍ ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലായിരുന്ന ഫഡ്‌നാവിസ് മുംബൈയില്‍ ഇറങ്ങിയതിനു പിന്നാലെ ഗവര്‍ണറെ കണ്ടു.

വിമാനത്താവളത്തില്‍നിന്ന് നേരെ രാജ്ഭവനിലേക്കാണ് ഫഡ്‌നാവിസ് പോയത്. വിശ്വാസ വോട്ടെടുപ്പിനായി നിയമസഭ വിളിച്ചുകൂട്ടണമെന്നാവശ്യപ്പെട്ട് എട്ട് സ്വതന്ത്ര എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് ഇ- മെയില്‍ സന്ദേശം അയച്ചിരുന്നു. ഇന്ന് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട ബിജെപി സംഘം സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നും വിശ്വാസവോട്ടെടുപ്പ് നടത്താനായി നിയമസഭ വിളിച്ചുചേര്‍ക്കണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഗരീഷ് മഹാജനും സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലും ൃഫഡ്‌നാവിസിനൊപ്പമുണ്ടായിരുന്നു. ഈ ആഴ്ച നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

അതേസമയം, വിശ്വാസവോട്ടെടുപ്പിനെതിരേ ഉദ്ധവ് താക്കറെ സുപ്രിംകോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നതില്‍ അന്തിമതീരുമാനം വരുന്നതുവരെ വിശ്വാസവോട്ടെടുപ്പ് നടത്തരുതെന്ന് വാദിക്കും. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി ഗുവാഹത്തിയിലുള്ള ശിവസേനയുടെ വിമത എംഎല്‍എമാര്‍ മറ്റന്നാള്‍ രാവിലെ മുംബൈയില്‍ തിരിച്ചെത്തുമെന്നാണ് വിവരം. ബിജെപി കോര്‍ കമ്മിറ്റി യോഗം നാളെ മുംബൈയില്‍ നടക്കുന്നുണ്ട്. എംഎല്‍എമാരോടെല്ലാം മുംബൈയിലേക്കെത്താന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഇന്ന് രാവിലെ ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍ നടത്തിയ ശേഷമാണ് മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് മുംബൈയിലെത്തി ഗവര്‍ണറെ കണ്ടത്. രാവിലെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി ഫഡ്‌നാവിസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഉദ്ധവ് താക്കറെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയുള്ള ചില ഇടപെടല്‍ ഗവര്‍ണര്‍ തുടങ്ങിയതിന് പിന്നാലെയാണ് ഫഡ്‌നാവിസ് അദ്ദേഹത്തെ കാണുന്നത്.

സര്‍ക്കാര്‍ താഴെ വീഴുമെന്ന ഭീഷണിക്കിടെ തിരക്കിട്ട് ഉത്തരവുകള്‍ നടപ്പാക്കിയെന്ന ബിജെപിയുടെ പരാതിയില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. വിമത നീക്കം തുടങ്ങിയതോടെ 160ലേറെ സര്‍ക്കാര്‍ ഉത്തരവുകള്‍ നടപ്പാക്കിയെന്നും അതില്‍ അഴിമതിയുണ്ടെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

അതേസമയം, സഭയില്‍ അവിശ്വാസം കൊണ്ടുവന്നാല്‍ മറികടക്കാനാവുമെന്ന പ്രതിക്ഷയിലാണ് ഉദ്ധവ് ക്യാംപ് ഇപ്പോഴുള്ളത്. വിമത ക്യാംപിലെ പകുതിയിലധികം എംഎല്‍എമാരുമായി ഇപ്പോഴും ചര്‍ച്ച നടത്തുന്നുണ്ടെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാല്‍, അവിശ്വാസമല്ല ഉദ്ധവ് സ്വയം രാജിവച്ചൊഴിയുകയാണ് വേണ്ടതെന്ന് വിമത ക്യാംപും ആവശ്യപ്പെടുന്നു. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉദ്ധവ് താക്കറെ ബുധനാഴ്ച മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Tags:    

Similar News