മഹാരാഷ്ട്ര: ഉദ്ധവ് താക്കറെ ഇന്ന് വിശ്വാസവോട്ട് തേടും
288 അംഗ നിയമസഭയില്‍ 170 ലധികം പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്.
മുംബൈ: മഹാരാഷ്ട്രയില്‍ ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കു ശേഷം വ്യാഴാഴ്ച വൈകീട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉദ്ദവ് താക്കറെ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. ഇന്ന് വിളിച്ചുചേര്‍ത്ത മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് എന്‍സിപി എംഎല്‍എ ദിലീപ് വാല്‍സ് പാട്ടീല്‍ പ്രോടെം (താല്‍ക്കാലിക) സ്പീക്കറായിരിക്കും. അടുത്ത ചൊവ്വാഴ്ചക്കകം ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി ശിവസേനാ മേധാവിയോട് ആവശ്യപ്പെട്ടിരുന്നു.
288 അംഗ നിയമസഭയില്‍ 170 ലധികം പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. 162 പേരുടെ പിന്തുണയുണ്ടെന്ന് ആണ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ഉണ്ടാക്കിയ സാഹചര്യത്തില്‍ സഖ്യത്തിനു പിന്തുണയുമായി കൂടുതല്‍ സ്വതന്ത്രരും ചെറു പാര്‍ട്ടികളും എത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ശിവസേന എന്‍സിപി പാര്‍ട്ടികളുടെ എംഎല്‍എമാര്‍ ഇപ്പോഴും റിസോര്‍ട്ടുകളില്‍ തന്നെ തങ്ങുകയാണ്. സഖ്യത്തിന് എതിര്‍ക്കുന്നില്ലെങ്കിലും സിപിഎം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നേക്കും.
മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയാണ് ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തത്. താക്കറെ കുടുംബത്തില്‍ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയും. ത്രികക്ഷി സഖ്യത്തിലെ മൂന്ന് പാര്‍ട്ടികളില്‍ നിന്നും ആറുപേരും ഉദ്ധവിനൊപ്പം സത്യപ്രതിജ്ഞ ചെയ്തിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് പിസിസി പ്രസിഡന്റ് ബാലാസാഹെബ് തോറാട്ട്, നിതിന്‍ റാവത്ത് എന്നിവരും, എന്‍സിപിയില്‍ നിന്ന് ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജ്ബല്‍, ശിവസേനയില്‍ നിന്ന് ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി എന്നിവരും ഉദ്ധവിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.