യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ ജിഫ്രി മുത്തുകോയ തങ്ങളെ സന്ദര്‍ശിച്ചു
കെ പി ഒ റഹ്‌മത്തുല്ല
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളെ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ കൊണ്ടോട്ടിയിലെ മുണ്ടക്കുളത്തുള്ള ഓഫിസില്‍ സന്ദര്‍ശിച്ചു. യുഡിഎഫ് കണ്‍വീനറായി സ്ഥാനം ഏറ്റെടുത്ത ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കാണുന്നതിനു വേണ്ടിയാണ് അദ്ദേഹം മലപ്പുറത്തെത്തിയത്. തങ്ങളെ കണ്ടശേഷം ഹസന്‍ മാധ്യമങ്ങളെയും മറ്റു നേതാക്കളെയും ഒഴിവാക്കി നേരെ കൊണ്ടോട്ടി മുണ്ടക്കുളത്തുള്ള ഓഫിസില്‍ എത്തുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ യുഡിഎഫ് പരാജയപ്പെടാന്‍ കാരണം സമസ്ത അണികള്‍ വോട്ട് ചെയ്യാതിരുന്നതാണെന്ന് പരക്കെ പരാതി ഉയര്‍ന്നിരുന്നു. മലബാറിലെ കോണ്‍ഗ്രസ് നേതാക്കളും ഈ വസ്തുത പങ്കുവച്ചിരുന്നു. കോണ്‍ഗ്രസ് മുസ് ലിം സംഘടനകളെ എന്‍എസ്എസ്, എസ്എന്‍ഡിപി, ക്രിസ്ത്യന്‍ സഭകള്‍ എന്നിവയെ പോലെ പരിഗണിക്കുന്നില്ലെന്ന പരാതിസമസ്ത ഉള്‍പ്പെടെയുള്ള മുസ് ലിം സംഘടനകള്‍ ഉന്നയിച്ചിരുന്നു. അതുകൊണ്ടാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായ കല്‍പ്പറ്റ, നിലമ്പൂര്‍ ഉള്‍പ്പെടെയുള്ള നിരവധി സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതെന്ന് പാര്‍ട്ടി തന്നെ വിലയിരുത്തിയിരുന്നു. ഈ വികാരം കോണ്‍ഗ്രസ് നേതാക്കളും ശരിവച്ചിരുന്നു. മുസ് ലിംകളുടെ പ്രശ്‌നങ്ങളില്‍ എല്ലാം ലീഗിനെ ഏല്‍പ്പിച്ച് മാറിനില്‍ക്കുന്ന പ്രവണത കോണ്‍ഗ്രസ് കുറേക്കാലമായി കാണിച്ചുവരുന്നതായി സമസ്ത ഉള്‍പ്പെടെയുള്ള മുസ് ലിം സംഘടനകള്‍ക്ക് പരാതിയുണ്ട്. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളും സമ്മതിക്കുന്നതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്റെ സന്ദര്‍ശനം.
കുന്നംകുളത്തായിരുന്ന സമസ്ത പ്രസിഡന്റ് മുത്തുക്കോയ തങ്ങളെ ഓഫിസിലെത്തിയ എം എം ഹസന്‍ കുറച്ചു നേരം കാത്തിരുന്നു. ഇരുവരും അരമണിക്കൂറോളം സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സമസ്തയുടെ ന്യായമായ എല്ലാ ആവശ്യങ്ങളും കോണ്‍ഗ്രസ് പരിഗണിക്കാന്‍ തയ്യാറാണെന്ന് എം എം ഹസ്സന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ക്ക് ഉറപ്പുനല്‍കി. സമസ്തയുടെ ആശങ്കകളും ആവശ്യങ്ങളും ജിഫ്രി മുത്തുകോയ തങ്ങള്‍ ഹസ്സനെ ധരിപ്പിച്ചതായും വിവരമുണ്ട്. വരുംനാളുകളില്‍ യുഡിഎഫിന് പിന്തുണ അഭ്യര്‍ഥിക്കുകയും ചെയ്തു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കണമെന്ന് എം എം ഹസന്‍ ആവശ്യപ്പെട്ടതായും വിവരമുണ്ട്. ജിഫ്രി മുത്തുക്കോയ തങ്ങളുടെ മകനാണ് കൊണ്ടോട്ടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്. സന്ദര്‍ശനം സൗഹാര്‍ദ്ദപരമായിരുന്നു.