നേമം മാതൃകയില്‍ മലമ്പുഴയില്‍ 'താമര' വിരിയിക്കാന്‍ മുന്നണികളുടെ ഗൂഢനീക്കം

ഒ രാജഗോപാല്‍ 2016ല്‍ നേമത്തു നിന്നു ജയിച്ചുകയറിയത് കോണ്‍ഗ്രസ് നേതാക്കള്‍ വോട്ടുകള്‍ ചോര്‍ത്തിയിട്ടാണെങ്കില്‍ മലമ്പുഴയില്‍ ഇരുമുന്നണികളും ബിജെപിക്ക് വഴിയൊരുക്കുകയാണെന്ന സംശയമാണ് ബലപ്പെടുന്നത്.

Update: 2021-03-13 10:27 GMT

ബഷീര്‍ പാമ്പുരുത്തി

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലാദ്യമായി കേരളത്തില്‍ കഴിഞ്ഞ തവണ തിരുവനന്തപുരം ജില്ലയിലെ നേമത്ത് ബിജെപി ജയിച്ചുകയറിയതിന്റെ അതേ മാതൃകയില്‍ പാലക്കാട് ജില്ലയിലെ മലമ്പുഴയിലും ബിജെപിക്കു ജയമൊരുക്കാന്‍ ഇടത്-വലതു മുന്നണികളുടെ ഗൂഢനീക്കം. അപ്രധാന സ്ഥാനാര്‍ഥികളെ നിര്‍ത്തി മറ്റു സ്ഥലങ്ങളില്‍ ബിജെുപി വോട്ട് തേടുകയെന്ന രഹസ്യനീക്കമാണ് ഇതിനു പിന്നിലെന്നാണ് സൂചന. നേമത്തേതിനു സമാനമായ വോട്ടുനിലയാണ് മലമ്പുഴയില്‍ എന്നതു ബിജെപിയെ പ്രതിരോധിക്കുന്നതില്‍ ഇരുമുന്നണികളും കാണിക്കുന്ന കാപട്യം തുറന്നുകാട്ടുന്നുണ്ട്. ഒ രാജഗോപാല്‍ 2016ല്‍ നേമത്തു നിന്നു ജയിച്ചുകയറിയത് കോണ്‍ഗ്രസ് നേതാക്കള്‍ വോട്ടുകള്‍ ചോര്‍ത്തിയിട്ടാണെങ്കില്‍ മലമ്പുഴയില്‍ ഇരുമുന്നണികളും ബിജെപിക്ക് വഴിയൊരുക്കുകയാണെന്ന സംശയമാണ് ബലപ്പെടുന്നത്.

    1970ല്‍ മലമ്പുഴ മണ്ഡലം നിലവില്‍ വന്നതുമുതല്‍ സിപിഎമ്മിന്റെ കുത്തക സീറ്റാണിത്. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളില്‍ 1970, 77, 80, 82, 87, 91, 96, 2001, 2006 വരെ എല്ലാ തിരഞ്ഞെടുപ്പിലും സിപിഎം കൈയടക്കിവച്ചു. എം പി കുഞ്ഞിരാമനില്‍ തുടങ്ങി വി കൃഷ്ണദാസ്(രണ്ടു തവണ), പി വി കുഞ്ഞിക്കണ്ണന്‍, ഇ കെ നായനാര്‍(രണ്ടു തവണ), ടി ശിവദാസമേനോന്‍(മൂന്നു തവണ) മുതല്‍ സാക്ഷാല്‍ വി എസ് അച്യുതാനന്ദന്‍(നാലു തവണ) എന്നിവരാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. കഴിഞ്ഞ തവണ ബിജെപി 28 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തില്‍ ഇക്കുറി ദുര്‍ബലനായ സ്ഥാനാര്‍ഥി എ പ്രഭാകരനെയാണ് സിപിഎം മലമ്പുഴയില്‍ നിര്‍ത്തിയിട്ടുള്ളത്. നേരത്തേ അഞ്ചു ശതമാനത്തില്‍ താഴെ വോട്ട് ലഭിച്ചിരുന്ന ബിജെപിക്ക് കഴിഞ്ഞ തവണ മാത്രം 23 ശതമാനം വോട്ട് വര്‍ധനവാണുണ്ടായത്. ബാബരി മസ്ജിദ് വിഷയം ഉയര്‍ത്തിക്കാട്ടിയ 1991ലെ തിരഞ്ഞെടുപ്പില്‍ പോലും ബിജെപിക്ക് 11 ശതമാനം വോട്ടാണ് ലഭിച്ചത്. ബിജെപി ജില്ലാ അധ്യക്ഷനായിരുന്ന കെ കൃഷ്ണകുമാറിനു ഇരുമുന്നണികളില്‍ നിന്നും വോട്ടുകള്‍ ക്രമാതീതമായി ലഭിച്ചതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

    ഇരുമുന്നണികള്‍ക്കും വോട്ട് കുറഞ്ഞെങ്കിലും കോണ്‍ഗ്രസിന്റെ വോട്ടുനിലയാണ് നേമത്തേതിനു സമാനമായ രീതിയില്‍ വന്‍തോതില്‍ ഇടിയുന്നത്. 2011ല്‍ വി എസിനെതിരേ കോണ്‍ഗ്രസിന്റെ ലതികാ സുഭാഷിന് ലഭിച്ചത് 39 ശതമാനം വോട്ടാണെങ്കില്‍ 2016ല്‍ വി എസിനെതിരേ കോണ്‍ഗ്രസിന്റെ വി പി ജോയിക്ക് ലഭിച്ചത് 22 ശതമാനമാണ്. 17 ശതമാനം കുറഞ്ഞപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. 2011ല്‍ സിപിഎമ്മിന് 77,752 വോട്ടും യുഡിഎഫിന് 54312 വോട്ടുമാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്ത് ജെഡിയു(2,772), നാലാമത് ബിഎസ്പി(1480) എന്നിങ്ങനെയാണ് വോട്ടുനില. ബിജെപി ചിത്രത്തില്‍ പോലും ഉണ്ടായിരുന്നില്ല. 2016ല്‍ വി എസിനു ലഭിച്ചത് 73,299 വോട്ടുകളും യുഡിഎഫിന് 35,333 വോട്ടുകളുമാണ് ലഭിച്ചത്. ഇരുമുന്നണികള്‍ക്കും കുറഞ്ഞപ്പോള്‍ ബിജെപിയുടെ സി കൃഷ്ണകുമാറിന്റെ വോട്ടുനില 46,157ലേക്ക് കുതിച്ചു. വിജയമാര്‍ജ്ജിന്‍ നിലനിര്‍ത്താനായെങ്കിലും ബിജെപി വന്‍ കുതിച്ചുചാട്ടമാണ് നടത്തിയത്.

    ഇത്തവണ യുഡീഎഫ് സീറ്റ് നല്‍കിയിരിക്കുന്നത് മുന്നണിയില്‍ തന്നെ അപ്രസക്തരായ, ഭാരതീയ നാഷനല്‍ ജനതാ ദള്‍ എന്ന പാര്‍ട്ടിക്കാണ്. അഡ്വ. ജോണ്‍ ജോണിനെയാണ് സ്ഥാനാര്‍ഥിയാക്കിയിട്ടുള്ളത്. വീരേന്ദ്രകുമാര്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് പോവുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാണ് ജോണ്‍ ജോണ്‍ മൂന്നുവര്‍ഷം മുമ്പ് പുതിയ പാര്‍ട്ടി ഉണ്ടാക്കിയത്. മലമ്പുഴ മണ്ഡലത്തില്‍ യാതൊരു സ്വാധീനവുമില്ലാത്ത ഇദ്ദേഹത്തിനു സീറ്റ് നല്‍കുക വഴി വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും സീറ്റ് വിട്ടുനല്‍കിയതിനെതിരേ തെരുവിലിറങ്ങിയിരുന്നു. നേരത്തേ സിപിഎം കുത്തകയാക്കിയ സീറ്റില്‍ സി എം സുന്ദരം, ചന്ദ്രശേഖരന്‍ തുടങ്ങിയ ഘടകകക്ഷി സ്ഥാനാര്‍ഥികളാണ് മണ്ഡലത്തില്‍ യുഡിഎഫിനെ പ്രതിനിധീകരിച്ചതെങ്കിലും പാലക്കാട് നഗരസഭ ഉള്‍പ്പെടെ ബിജെപി കൈപ്പിടിയിലായിരിക്കുന്ന ഘട്ടത്തില്‍ മലമ്പുഴയില്‍ ജയിക്കാന്‍ ധ്രുവീകരണ രാഷ്ട്രീയം പയറ്റുമെന്നുറപ്പാണ്. പാലക്കാടിനെ ഗുജറാത്താക്കുമെന്നു നേതാക്കള്‍ പ്രസംഗിക്കുകയും നഗരസഭാ ഓഫിസില്‍ കയറി ജയ് ശ്രീറാം ബാനര്‍ പുതപ്പിക്കുകയും ചെയ്ത സ്ഥലത്ത് ഇക്കുറി വി എസ് അച്യുതാനന്ദന്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇല്ല. ഇത്തരത്തില്‍ ദര്‍ബലമായ രീതിയിലുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ നിയമസഭയിലെത്താന്‍ അവസരമൊരുക്കുകയാണ് ഇടത്-വലത് മുന്നണികള്‍ ചെയ്യുന്നതെന്ന സംശയം ബലപ്പെടുകയാണ്.

UDF-LDF Conspiracy elect BJP in Malampuzha on the model of Nemam


Tags:    

Similar News