ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; യുദ്ധ പ്രഖ്യാപനമെന്ന് ഹിസ്ബുല്ല; ഹിസ്ബുല്ല ആക്രമണത്തില്‍ രണ്ട് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു

ഇസ്രായേല്‍ വിമാനങ്ങള്‍ അയല്‍രാജ്യമായ ലബനാനിലൂടെ താഴ്ന്ന് പറക്കുന്നത് മറക്കരുതെന്നും ഹിസ്ബുല്ല നേതാവ്

Update: 2024-09-19 18:30 GMT

ബെയ്റൂത്ത്: കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പേജര്‍, വോക്കിടോക്കി സ്ഫോടന പരമ്പരകള്‍ക്ക് പിന്നാലെ ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു ആക്രമണം. ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്റല്ല ടെലിവിഷനിലൂടെ അഭിസംബോധന നടത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം യുദ്ധ പ്രഖ്യാപനമാണെന്ന് ഹസന്‍ നസ്റല്ല പറഞ്ഞു.

ലബനനിലെ ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങളും തീവ്രവാദശേഷിയും ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു. ഗസയ്ക്ക് നല്‍കി വരുന്ന പിന്തുണ ഇനിയും തുടരും. ഇസ്രായേല്‍വിമാനങ്ങള്‍ അയല്‍രാജ്യമായ ലബനാനിലൂടെ താഴ്ന്ന് പറക്കുന്നത് മറക്കരുതെന്നും ഹിസ്ബുല്ല നേതാവ് മുന്നറിയിപ്പ് നല്‍കി.

ലബനാന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ല ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സേന സ്ഥിരീകരിച്ചു. ഡ്രോണ്‍ ആക്രമണത്തില്‍ ഒരു ഓഫീസറും ഇസ്രായേല്‍ ടാങ്കുകള്‍ക്ക് നേരെ ഹിസ്ബുല്ല അയച്ച മിസൈല്‍ പതിച്ച് ഒരു സൈനികനും കൊല്ലപ്പെട്ടു. അതിര്‍ത്തിയിലേക്ക് ഇസ്രായേല്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചതിന് പിന്നാലെയാണ് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടത്.

പേജറുകള്‍ക്ക് പിന്നാലെയുണ്ടായ വാക്കിടോക്കി സ്‌ഫോടനങ്ങളില്‍ ലെബനനില്‍ 20 പേര്‍ മരിച്ചിരുന്നു. 450 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതോടെ രണ്ടു ദിവസങ്ങള്‍ക്കിടെ, പേജര്‍, വാക്കി ടോക്കി സ്‌ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം 32 ആയിരുന്നു. 100 കണക്കിന് പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. നിരവധി പേരുടെ കാഴ്ച ശക്തിയും നഷ്ടപ്പെട്ടിരുന്നു.



Tags:    

Similar News