ഇസ്രായേലിന് തിരിച്ചടി നല്‍കി ഹിസ്ബുല്ല; വ്യോമതാവളങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം
അതേസമയം വടക്കന്‍ ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങുന്നതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ബെയ്റൂത്ത്: ലെബനാന് നേരെയുള്ള ഇസ്രായേലിന്റെ തുടര്‍ച്ചയായ വ്യോമാക്രമണങ്ങള്‍ക്ക് തിരിച്ചടിയുമായി ഹിസ്ബുല്ല. ഇസ്രായേല്‍ വ്യോമതാവളങ്ങള്‍ക്ക് നേരെയാണ് ഹിസ്ബുല്ലയുടെ മറുപടി. മെഗിദ്ദോ സൈനിക വിമാനത്താവളത്തിന് നേരെയും ഇസ്രായേലിന്റെ വടക്കുഭാഗത്തുള്ള റമാത്ത് ഡേവിഡ് എയര്‍ബേസിനും നേരെയും മിസൈല്‍ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല വ്യക്തമാക്കി.
ഫാദി-1, ഫാദി-2 എന്നീ മിസൈലുകള്‍ ഉപയോഗിച്ചാണ് അഫുല നഗരത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള മെഗിദ്ദോ സൈനിക വിമാനത്താവളത്തെ ഹിസ്ബുല്ല ആക്രമിച്ചത്. അതിര്‍ത്തിയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള സഖ്റൂണ്‍ ഏരിയയിലെ സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്ന ഫാക്ടറിക്ക് നേരെയും ഹിസ്ബുല്ല മിസൈല്‍ തൊടുത്തതായി ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
അതേസമയം വടക്കന്‍ ഇസ്രായേലിലുടനീളം സൈറണുകള്‍ മുഴങ്ങുന്നതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗലീലിയിലും ഹൈഫയ്ക്ക് സമീപമുള്ള പട്ടണങ്ങളിലും അലേര്‍ട്ടുകള്‍ മുഴങ്ങി. എന്നാല്‍, വടക്കന്‍ നഗരമായ നഹാരിയ ലക്ഷ്യമാക്കി വന്ന രണ്ട് റോക്കറ്റുകള്‍ കടലില്‍ പതിച്ചതായി ഐഡിഎഫ് അവകാശപ്പെടുന്നു.
സൈറണുകള്‍ മുഴങ്ങിയതിന് പിന്നാലെ ഹൈഫ നഗരത്തിലെ താമസക്കാര്‍ സുരക്ഷതി കേന്ദ്രങ്ങളിലേക്ക് മാറി. വടക്കന്‍ ഇസ്രായേലിലെ ഹൈഫ നഗരത്തിലും പരിസര പ്രദേശങ്ങളിലും സൈറണുകള്‍ മുഴങ്ങിയതായി ഇസ്രായേലി സേന തന്നെ സ്ഥിരീകരിക്കുന്നുണ്ട്. ആക്രമണങ്ങളില്‍ നിന്ന് അഭയം തേടി ഓടിയപ്പോള്‍ ചിലര്‍ക്ക് പരിക്കേറ്റതായും, ആക്രമണഭീതി മൂലമുണ്ടായ ഉത്കണ്ഠയില്‍ നിരവധി പേര്‍ ചികിത്സ തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്.