ലെബനനിലെ പേജർ സ്‌ഫോടനം; അന്വേഷണം മലയാളിയിലേക്ക്

Update: 2024-09-20 07:50 GMT

ബെയ്‌റൂത്ത്:  ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ അന്വേഷണം മലയാളിയിലേക്കും. വയനാട് മാനന്തവാടി സ്വദേശിയായ റിന്‍സണ്‍ ജോസിന്റെ സോഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ് കമ്പനിയ്‌ക്കെതിരേയാണ് അന്വേഷണം. ഹിസ്ബുല്ല ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പേജറുകള്‍ വാങ്ങിയത് റിന്‍സണ്‍ ജോസിന്റെ ഷെല്‍ കമ്പനിയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേര്‍വെ പൗരത്വമുള്ള റിന്‍സണ്‍ ജോസി(39)ന്റേതായിരുന്നു ഷെല്‍ കമ്പനി. സ്‌ഫോടനത്തിന് പിന്നാലെ ഇയാളെ കാണാനില്ലെന്നാണ് നോര്‍വീജിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നോര്‍വെയിലാണ് റിന്‍സണ്‍ താമസിക്കുന്നത്, സ്‌ഫോടനങ്ങളുണ്ടായ ദിവസം തന്നെ ഇദ്ദേഹം അപ്രത്യക്ഷനായെന്ന വിവരമാണ് പുറത്തുവരുന്നത്. 2015 ല്‍ ലണ്ടനില്‍ നിന്നാണ് ഇയാള്‍ നോര്‍വെയില്‍ എത്തിയത്.  സ്‌ഫോടനത്തെ തുടര്‍ന്ന് റിന്‍സണ്‍ അപ്രത്യക്ഷനായതിനെ തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം നോര്‍വീജിയന്‍ അധികൃതരെ വിവരം അറിയിക്കുകയും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ബള്‍ഗേറിയയിലാണ് റിസന്റെ ഷെല്‍ കമ്പനി പ്രവര്‍ത്തിച്ചിരുന്നത്.

ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയിലാണ് റിന്‍സന്റെ കമ്പനി പ്രവര്‍ത്തിക്കുന്നത്. കമ്പനിയെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്ന് ബള്‍ഗേറിയന്‍ അധികൃതര്‍ അറിയിച്ചു. കമ്പനി കൈമാറിയ പേജറുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. റിന്‍സന്റെ കമ്പനിയെ കുറിച്ച് അന്താരാഷ്ട്ര തലത്തിലാണ് അന്വേഷണം നടക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ പേജറിലേക്ക് എവിടെ നിന്നാണ് നിറച്ചതെന്നതടക്കം നിലവില്‍ അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. ഇതിനിടയിലാണ് ഹിസ്ബുല്ല പേജറുകള്‍ വാങ്ങിയതിലെ സാമ്പത്തിക ഇടപാട് വിവരങ്ങള്‍ പുറത്ത് വരുന്നത്. സാമ്പത്തിക ഇടപാടുകളാണെന്നും സ്‌ഫോടനവുമായി റിന്‍സണ്‍ ജോണിന് നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്നും അന്വേഷണ ഏജന്‍സികളും വ്യക്തമാക്കുന്നുണ്ട്.





Tags:    

Similar News