ശക്തമായ തിരിച്ചടിയുമായി ഹിസ്ബുല്ല; 14 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു
നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ബെയ്റൂത്ത്: ലെബനനില്‍ ഇസ്രായേല്‍-ഹിസ്ബുല്ല പോരാട്ടം കനക്കുന്നു. ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല 100ലധികം മിസൈലുകള്‍ വര്‍ഷിച്ചു. ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലില്‍ 14 ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സ്‌കൈ ന്യൂസ് അറേബ്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. തെക്കന്‍ ലെബനാനില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടത്. നിരവധി സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
എട്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേല്‍ സൈന്യത്തിന് നേരെ ഹിസ്ബുല്ല പോരാളികള്‍ ശക്തമായ മോട്ടാര്‍ ആക്രമണമാണ് നടത്തിയത്. ലെബനാനിലേക്ക് കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍ സൈന്യം കടന്നുകയറിയത്. ഇസ്രായേല്‍ സൈന്യത്തിന് ലെബനാന്‍ അതിര്‍ത്തിയില്‍ ശക്തമായ തിരിച്ചടിയാണ് ഹിസ്ബുല്ല പോരാളികളില്‍ നിന്ന് നേരിടേണ്ടിവരുന്നത് .
അതേസമയം, തെക്കന്‍ അതിര്‍ത്തി ഗ്രാമത്തില്‍ നുഴഞ്ഞുകയറിയ ഇസ്രയേലി സൈനികരുമായി തങ്ങളുടെ പോരാളികള്‍ ഏറ്റുമുട്ടുകയാണെന്ന് ഹിസ്ബുള്ള പറഞ്ഞു. വടക്കുകിഴക്കന്‍ അതിര്‍ത്തി ഗ്രാമമായ അഡെയ്‌സെയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഇസ്രയേല്‍ സൈനികരെ പിന്‍വാങ്ങാന്‍ തങ്ങള്‍ നിര്‍ബന്ധിതരാക്കിയതായി ഹിസ്ബുള്ള അവകാശപ്പെട്ടിരുന്നു.