ഇസ്രായേലിന്റെ ലക്ഷ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോ പുറത്തുവിട്ട് ഹിസ്ബുള്ള; യുദ്ധ മുന്നറിയിപ്പ്

Update: 2024-06-23 12:48 GMT

ബെയ്റൂട്ട്: ഇസ്രായേലിലെ തങ്ങളുടെ ലക്ഷ്യ സ്ഥാനങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോ പങ്കുവെച്ച് ഹിസ്ബുള്ള. ലെബനനും ഇസ്രായേലും തമ്മിലുള്ള യുദ്ധ ഭീതി ഉയര്‍ത്തി കൊണ്ടാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഭീഷണികളും വെല്ലുവിളികളും തുടരുന്നതനിടെ ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറല്‍ സയ്യിദ് ഹസന്‍ നസ്റല്ലയുടെ വീഡിയോ ആണ് പുറത്തുവന്നത്.

ഇസ്രായേലില്‍ ആക്രമണം നടത്താന്‍ ഹിസ്ബുള്ള ഉദ്ദേശിക്കുന്ന കേന്ദ്രങ്ങള്‍ ഏതൊക്കെയെന്ന് എണ്ണിപ്പറഞ്ഞ് കൊണ്ടുള്ള വീഡിയോ ആണ് പങ്കുവെച്ചത്. ലെബനനിലെ ഇസ്ലാമിക് റെസിസ്റ്റന്‍സിന്റെ മിലിട്ടറി മീഡിയ ആണ് വീഡിയോ പങ്കുവെച്ചത്. യുദ്ധത്തിലേക്ക് നീങ്ങാനാണ് ഇസ്രായേലിന്റെ ഉദ്ദേശമെങ്കില്‍ എല്ലാ നിയമ നിയന്ത്രണങ്ങളും മറികടന്ന് അതിനെ പ്രതിരോധിക്കുമെന്നാണ് ഹിസ്ബുള്ള നേതാവ് പറഞ്ഞത്. ലെബനനെതിരെ യുദ്ധം ചെയ്താല്‍ ഇസ്രായേല്‍ അതിന് ഖേദിക്കേണ്ടി വരുമെന്നും ഹസന്‍ നസ്റല്ല മുന്നറിയിപ്പ് നല്‍കി.

ഇസ്രായേലിന്റെ നെഗേവ് മരുഭൂമിയിലെ ഡിമോണ ന്യൂക്ലിയര്‍ റിയാക്ടറിലെ റിസര്‍ച്ച് സെന്റര്‍, ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഭരണകൂടത്തിന്റെ ഏറ്റവും വലിയ ഔട്ട്പോസ്റ്റുകളിലൊന്നായ നെവാറ്റിം എയര്‍ബേസ് എന്നിവയാണ് ഹിസ്ബുള്ളയുടെ പ്രധാന ലക്ഷ്യ കേന്ദ്രങ്ങളായി വീഡിയോയില്‍ പറയുന്നത്. ടെല്‍ അവീവിലെ ഹകിര്യ കോംപ്ലക്സും ഭരണകൂടത്തിന്റെ സുരക്ഷാ മന്ത്രാലയവും അതിന്റെ ജനറല്‍ സ്റ്റാഫിന്റെ കേന്ദ്രങ്ങള്‍ ഉള്‍പ്പടെയും ലക്ഷ്യ സ്ഥാനങ്ങളായി പറയുന്നുണ്ട്.

അതിനിടെ, ഇസ്രായേല്‍ ലെബനന്‍ അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തുടരുകയാണ്. യുദ്ധ ഭീതി തുടരുന്നതിനാല്‍ ലെബനനിലെ തങ്ങളുടെ പൗരന്‍മാര്‍ക്ക് അടിയന്തര മുന്നറിയിപ്പുമായി കുവൈത്ത് രംഗത്തെത്തിയിരുന്നു. പൗരന്‍മാര്‍ ലെബനന്‍ ഉടന്‍ വിടണമെന്നാണ് കുവൈത്ത് അറിയിച്ചിരിക്കുന്നത്. ലെബനന്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന പൗരന്മാരോട് തല്‍ക്കാലം മാറി നില്‍ക്കാനും കുവൈത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. കുവൈത്തിനോടൊപ്പം കാനഡയും ലെബനനിലെ തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലെബനനില്‍ നിന്ന് 45,000 പൗരന്മാരെ ഒഴിപ്പിക്കാന്‍ കാനഡ ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ സൈന്യവും ലെബനനിലെ ഹിസ്ബുള്ളയും തമ്മിലുള്ള അതിര്‍ത്തിയിലെ ഏറ്റുമുട്ടലുകളും പിരിമുറുക്കവും വര്‍ധിക്കുന്നതിനിടെ ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും രംഗത്തെത്തി. ലെബനനെ മറ്റൊരു ഗസയാക്കരുതെന്നാണ് ഗുട്ടെറസ് പറഞ്ഞത്. സംഘര്‍ഷം രൂക്ഷമായതിനൊപ്പം തന്നെ ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ തമ്മില്‍ നടത്തുന്ന വെല്ലുവിളികളും കടുത്ത ആശങ്കയാണ് ഉയര്‍ത്തുന്നത്. ഈ പശ്ചാത്തലത്തില്‍ കൂടെയാണ് ഗുട്ടെറസിന്റെ പ്രതികരണം. യു.എന്‍ സമാധാന സേനാംഗങ്ങള്‍ സ്ഥിതിഗതികള്‍ ശാന്തമാക്കാനാണ് ശ്രമിക്കുന്നതെന്നും വെള്ളിയാഴ്ച ഗുട്ടെറസ് പറഞ്ഞു.




Tags:    

Similar News