ലെബനന്‍ പേജര്‍ സ്‌ഫോടനം; പേജര്‍ നിര്‍മിച്ചത് ക്രിസ്റ്റ്യാനയോ?; ഹംഗേറിയന്‍ ബിസിനസുകാരിയെ കാണാനില്ല

Update: 2024-09-21 14:03 GMT

ബുഡാപെസ്റ്റ്: ലെബനനില്‍ 12 പേര്‍ കൊല്ലപ്പെട്ട പേജര്‍ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ക്രിസ്റ്റ്യാന ബാര്‍സോനി ആര്‍സിഡിയാക്കോനോ എന്ന സ്ത്രീയാണെന്ന തരത്തില്‍ ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹംഗേറിയന്‍ ഇറ്റാലിയന്‍ വേരുകളുള്ള നാല്‍പത്തിയൊമ്പതുകാരിയാണ് ക്രിസ്റ്റിയാന ബാര്‍സോനി. ഹംഗറി ആസ്ഥാനമായ ബിആര്‍സി കണ്‍സല്‍റ്റിങ് എന്ന ഐടി കണ്‍സല്‍റ്റിങ് സ്ഥാപനത്തിന്റെ സിഇഒ. ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ശാസ്ത്രജ്ഞ. തയ്വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ പേരില്‍ ബിആര്‍സി കണ്‍സല്‍റ്റിങ് കെഎഫ്ടി എന്ന പേരില്‍ കമ്പനി രൂപീകരിച്ചാണ് പേജറുകള്‍ നിര്‍മിച്ചതെന്നാണ് ലെബനന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.

ക്രിസ്റ്റ്യാന തങ്ങളുടെ ഏജന്‍സിയില്‍ ഇന്റേണ്‍ഷിപ്പ് മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് ഐഎഇഎയും യാതൊരു ഔദ്യോഗിക പദവികളും ഇങ്ങനെയൊരു വ്യക്തിക്ക് നല്‍കിയിട്ടില്ലെന്ന് ചൈല്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടും വ്യക്തമാക്കി. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള ക്രിസ്റ്റ്യാനയുടെ അവകാശവാദങ്ങള്‍ പൂര്‍ണമായും ശരിയല്ലെന്ന് വെളിപ്പെടുത്തി യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടനും രംഗത്തെത്തിയിട്ടുണ്ട്. യോഗ്യതകളിലുള്‍പ്പെടെയുള്ള നുണകളുടെ കൂമ്പാരങ്ങള്‍ പൊളിഞ്ഞതോടെ ക്രിസ്റ്റ്യാനയെക്കുറിച്ചുള്ള ദുരൂഹതകള്‍ ഏറുകയാണ്.

അതേസമയം ലെബനനിലെ സ്‌ഫോടനങ്ങള്‍ക്ക് കാരണമായ പേജറുകള്‍ നിര്‍മിച്ചത് ബിആര്‍സി കണ്‍സല്‍റ്റിങ് അല്ലെന്നും തങ്ങള്‍ ഇടനിലക്കാര്‍ മാത്രമാണെന്നുമാണ് ക്രിസ്റ്റ്യാന സ്‌ഫോടനം സംബന്ധിച്ച് ആകെ നടത്തിയ പ്രതികരണം. അതിനുശേഷം ഇവരെ പൊതുവിടത്തില്‍ ക്രിസ്റ്റിയാനയെ കണ്ടിട്ടില്ല. ബുഡാപെസ്റ്റിന്റെ പ്രാന്തപ്രദേശത്തുള്ള വസതിയില്‍ ക്രിസ്റ്റ്യാന ഇല്ലെന്നാണ് വിവരം. ഇവരെ അവിടെ കാണാനില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞതായി രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രിസ്റ്റ്യാന നിരപരാധിയാണെന്നും പേജര്‍ ഇടപാടിലെ ഇടനിലക്കാരി മാത്രമാണെന്നും അവരുടെ മാതാവ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ചാരസംഘടന മൊസാദ് നടത്തിയതെന്നു കരുതുന്ന പേജര്‍ സ്‌ഫോടനത്തില്‍ ക്രിസ്റ്റ്യാനയുടെ കമ്പനിക്കും പങ്കുണ്ടെന്നാണ് രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകരടക്കം കരുതുന്നത്. 2022 ലാണ് ബിആര്‍സി കണ്‍സല്‍റ്റിങ് പേജര്‍ ബിസിനസ് തുടങ്ങിയത്. വന്‍തോതില്‍ പേജര്‍ ആവശ്യം വന്നതോടെ പല പേജര്‍ നിര്‍മാതാക്കളും ഹിസ്ബുല്ലയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് സൂചന. അങ്ങനെയാകാം ക്രിസ്റ്റ്യാന ഈ ഇടപാടിലുള്‍പ്പെട്ടതെന്നു കരുതപ്പെടുന്നു.

ഇറ്റലിയുടെ സിസിലി മേഖലയിലെ തുറമുഖ നഗരമായ കാറ്റാനിയയിലാണ് ക്രിസ്റ്റ്യാന വളര്‍ന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ അന്തര്‍മുഖയായ വിദ്യാര്‍ഥിയായിരുന്നു ക്രിസ്റ്റ്യാനയെന്ന് സഹപാഠികള്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടനില്‍നിന്ന് പാര്‍ട്ടിക്കിള്‍ ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടി. ഏഴു ഭാഷകളില്‍ പ്രാവീണ്യമുണ്ട്. കാരുണ്യ പ്രവര്‍ത്തനം മുതല്‍ രാജ്യാന്തര സംഘടനകളിലും ശാസ്ത്ര സംഘടനകളിലുമടക്കം വിവിധ മേഖലകളില്‍ ജോലികള്‍ ചെയ്തതായി ഇവര്‍ അവകാശപ്പെടുന്നു. രാജ്യാന്തര അറ്റോമിക് എനര്‍ജി (ഐഎഇഎ) ഏജന്‍സിയില്‍ പ്രോജക്ട് മാനേജരായും ന്യൂയോര്‍ക്കിലെ എര്‍ത്ത് ചൈല്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഇവര്‍ അവകാശപ്പെട്ടിരുന്നെങ്കിലും അത് തെറ്റാണെന്ന് ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്.




Tags:    

Similar News