ലെബനനില്‍ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 136 പേര്‍; കൊല്ലപ്പെട്ടവരില്‍ ഹമാസ് നേതാവും
ബെയ്‌റൂത്ത്: ലെബനനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 136 പേരാണ് ലെബനനില്‍ കൊല്ലപ്പെട്ടത്. 350 പേര്‍ക്ക് പരിക്കേറ്റു. ബെയ്‌റൂത്തിന്റെ കിഴക്ക് ഭാഗത്തുള്ള അയന്‍ അല്‍ ദെലേബില്‍ ഉണ്ടായ ആക്രമണത്തില്‍ 45 പേരാണ് കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ടവരില്‍ നിരവധി ഹിസ്ബുല്ല പ്രവര്‍ത്തകരും ഉള്‍പ്പെടും. നിരവധിയാളുകളുടെ കൈകള്‍ നഷ്ടപ്പെട്ടു. നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ഇവരെ സിറിയയിലെയും ഇറാനിലെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസ് നേതാവ് കൊല്ലപ്പെട്ടു. തെക്കന്‍ ലബനനിലെ വ്യോമാക്രമണത്തില്‍ തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടതായി ഹമാസ് നേതൃത്വം പ്രസ്താവനയില്‍ വ്യക്തമാക്കി. ഫത്ത ഷെരിഫ് അല്‍ അമിന്‍ ആണ് കൊല്ലപ്പെട്ടത്. ഫലസ്തീന്‍ അഭയാര്‍ഥി ക്യാംപില്‍ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു. ഇസ്രായേല്‍ സൈന്യം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ആക്രമണത്തില്‍ നിരവധി ഹിസ്ബുല്ല നേതാക്കളെ വധിച്ചതിനു പിന്നാലെയാണ് ഹമാസ് നേതാക്കളെയും ഇസ്രായേല്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
ബെയ്‌റൂട്ടിലെ താമസ സമുച്ചയത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഹിസ്ബുല്ലയുമായുള്ള 2006ലെ യുദ്ധത്തിനുശേഷം ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തുന്ന ആദ്യ ആക്രമണമാണിത്. ലെബനനിലെ ഹിസ്ബുല്ല പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് ഇസ്രായേല്‍ രണ്ടാഴ്ചയായി ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.