ഹമാസ് നേതാവ് ഇസ്രായേല്‍ ജയിലില്‍ മരിച്ചു; പീഡിപ്പിച്ച് കൊന്നതെന്ന് ആരോപണം, വന്‍ പ്രതിഷേധം(വീഡിയോ)
ജെറൂസലം: മുതിര്‍ന്ന ഹമാസ് നേതാവ് ഉമര്‍ ദരാഗ്മ ഇസ്രായേല്‍ ജയിലില്‍ മരണപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കിലെ സംഘടനയുടെ മുതിര്‍ന്ന നേതാക്കളിലൊരളായ ഇദ്ദേഹത്ത ഒക്‌ടോബര്‍ ഒമ്പതിനാണ് ഇസ്രായേല്‍ അധിനിവേശ സൈന്യം ജയിലിലടച്ചത്. അതേസമയം, ഉമറിനെ ആസൂത്രിതമായും പീഡിപ്പിച്ചും കൊലപ്പെടുത്തിയതാണെന്ന് ഹമാസ് ആരോപിച്ചു. അരുംകൊലയ്‌ക്കെതിരേ റാമല്ലയില്‍ ഇന്ന് വന്‍ പ്രതിഷേധത്തിനും ഹമാസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ തൂഫാനുല്‍ അഖ്‌സ പ്രത്യാക്രമണത്തിനു ശേഷം തൊട്ടടുത്ത ദിവസങ്ങളില്‍ ഇസ്രായേല്‍ അധിനിവേശം സൈന്യം തടവിലാക്കിയ നൂറുകണക്കിന് ഫലസ്തീന്‍കാരില്‍ ഒരാളാണ് ഉമര്‍ ദരാഗ്മേ. ഇദ്ദേഹത്തിന്റെ മരണവിവരം ഫലസ്തീനിയന്‍ പ്രിസണേഴ്‌സ് അസോസിയേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, അസുഖബാധിതനായ ഉമറിന് പ്രാഥമിക ചികില്‍സ നല്‍കിയെന്നും ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ആംബുലന്‍സ് എത്തിയപ്പോഴേക്കും അദ്ദേഹം മരണപ്പെട്ടുമെന്നുമാണ് ഇസ്രായേല്‍ പറയുന്നത്. അതേസമയം, ഇസ്രായേല്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്ന് ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളായ ഹമാസും ഇസ്‌ലാമിക് ജിഹാദും വ്യക്തമാക്കി. അധിനിവേശ ജയിലുകളില്‍ അനുഭവിച്ച പീഡനത്തിന്റെ ഫലമായാണ് ദരാഗ്മെ രക്തസാക്ഷിയായതെന്നു ഹമാസ് പ്രസതാവനയില്‍ അറിയിച്ചു. ഹൃദയാഘാതം കാരണമാണ് ദരാഗ്മെ മരണപ്പെട്ടതെന്ന ഇസ്രായേല്‍ വാദങ്ങള്‍ ഹമാസ് തള്ളിക്കളഞ്ഞു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള തൂബാസ് പട്ടണത്തില്‍ വന്‍ പ്രതിഷേധപ്രകടനം നടന്നു.
തൂഫാനുല്‍ അഖ്‌സയ്ക്കു ശേഷം 800 ഫലസ്തീനികളെ തടവിലാക്കിയതായി ഇസ്രായേല്‍ അധിനിവേശ സൈന്യം അറിയിച്ചിരുന്നു. ഇവരില്‍ 500 പേര്‍ ഹമാസ് പ്രവര്ത്തകരാണെന്നായിരുന്നു ഇസ്രായേലിന്റെ വാദം.