അഭയാര്‍ഥി ക്യാംപ് ആക്രമിക്കാനെത്തിയ ഇസ്രായേല്‍ കമാന്‍ഡര്‍ ബോംബ് പൊട്ടി മരിച്ചു; 16 പേര്‍ക്കു പരിക്ക്

Update: 2024-06-27 16:50 GMT

വെസ്റ്റ് ബാങ്ക്: അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന ഫലസ്തീനികളെ ആക്രമിക്കാന്‍ ആയുധങ്ങളുമായെത്തിയ ഇസ്രായേല്‍ കമാന്‍ഡര്‍ ബോംബ് പൊട്ടി മരിച്ചു; 16 സൈനികര്‍ക്ക് പരിക്ക്. വടക്കന്‍ വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാപിനടുത്ത് റോഡരികിലെ ബോംബ് പൊട്ടിത്തെറിച്ചാണ് രഹസ്യാന്വേഷണ വിഭാഗം സ്‌നൈപ്പര്‍ ടീം കമാന്‍ഡര്‍ അലോണ്‍ സാഗിയു(22) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തില്‍ 16 സൈനികര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ സേന അറിയിച്ചു. ക്യാംപില്‍ ഹമാസ് അംഗങ്ങളുണ്ടെന്നാരോപിച്ച് കുട്ടികളടക്കമുള്ള നിരപരാധികളെ തട്ടിക്കൊണ്ടുപോവാനും കൊലപ്പെടുത്താനും മാരകായുധങ്ങളുമായി എത്തിയതായിരുന്നു ഇസ്രായേല്‍ സൈന്യം. വ്യാഴാഴ്ച പുലര്‍ച്ചെ ജെനിനിലെ റോഡില്‍ സ്ഥാപിച്ചിരുന്ന ബോംബിനു മുകളില്‍ സൈന്യത്തിന്റെ കവചിത വാഹനം കയറിയതോടെയാണ് സ്‌ഫോടനം ഉണ്ടായത്. വാഹനത്തിനുള്ളിലുണ്ടായിരുന്ന സൈനികര്‍ക്കാണ് പരിക്കേറ്റത്. ഇതോടെ കൂടുതല്‍ സൈനികര്‍ സ്ഥലത്ത് എത്തുകയും പരിക്കേറ്റ സൈനികരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെ മറ്റൊരു ബോംബുകൂടി പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സ്‌ഫോടനത്തിലാണ് അലോണ്‍ സാഗിയു കൊല്ലപ്പെട്ടത്. പരിക്കേറ്റ സൈനികരില്‍ ഒരാളുടെ നില ഗുരുതരവും അഞ്ച് പേരുടേത് സാരമുള്ളതുമാണെന്ന് ഐഡിഎഫ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് ഏറ്റെടുത്തിട്ടുണ്ട്. സാധാരണപോലെ ബുള്‍ഡോസര്‍ ഉപയോഗിച്ച് റോഡുകള്‍ വെട്ടിപ്പൊളിച്ച ശേഷമാണ് കവചിതവാഹനം അഭയാര്‍ഥി ക്യാംപിലേക്കെത്തിയത്. എന്നാല്‍, ഏകദേശം ഒന്നര മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ട ബോംബുകള്‍ കണ്ടെത്താന്‍ സൈന്യത്തിനായില്ല. ഒക്ടോബര്‍ ഏഴുമുതല്‍ അതിശക്തമായ ആക്രമണമാണ് ഇസ്രായേല്‍ അധിനിവേശ സൈന്യം വെസ്റ്റ് ബാങ്കില്‍ നടത്തുന്നത്. 4,150 ഫലസ്തീനികളെ പിടിച്ചുകൊണ്ടുപോവുകയും 540ലധികം പേരെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News