ആര്‍എസ്എസ് കേന്ദ്രങ്ങളിലെ ബോംബ് നിര്‍മാണം: കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ഗൂഢപദ്ധതി-എസ് ഡിപി ഐ

Update: 2023-04-13 11:00 GMT

കണ്ണൂര്‍: ആര്‍എസ്എസ് കേന്ദ്രങ്ങളിലെ തുടര്‍ച്ചയായ ബോംബ് നിര്‍മാണത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും കേരളത്തില്‍ വന്‍ കലാപം ആസൂത്രണം ചെയ്യുന്നതായി സംശയിക്കുന്നുണ്ടെന്നും എസ്ഡിപി ഐ സംസ്ഥാന സെക്രെട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തലശ്ശേരിക്കു സമീപം എരഞ്ഞോളിയില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ വിഷ്ണു എന്ന ആര്‍എസ്എസ്സുകാരന്റെ ഇരു കൈപ്പത്തിയും അറ്റുപോയിരിക്കുകയാണ്. എന്നാല്‍, വിഷു ആഘോഷങ്ങള്‍ക്കു വേണ്ടിയുള്ള പടക്കമാക്കി മാറ്റാനാണ് പോലിസ് ശ്രമിക്കുന്നത്. ഇരു കൈപ്പത്തികളും അറ്റുപോവുന്ന വിധത്തില്‍ മാരകമായ സ്‌ഫോടനം നടന്നിട്ടും ഗൗരവതരമായ വകുപ്പുകള്‍ ചുമത്താന്‍ പോലിസ് തയ്യാറാവാത്തത് ദുരൂഹമാണ്. പ്രത്യേകിച്ച്, എലത്തൂര്‍ ട്രെയിന്‍ തീവയ്പ് സംബന്ധിച്ച ദുരൂഹതകള്‍ വിട്ടുമാറുന്നതിനു മുമ്പ് തന്നെ വലിയൊരു കലാപത്തിന് ആര്‍എസ്എസ് ഗൂഢപദ്ധതി തയ്യാറാക്കുന്നുവെന്നാണ് സംശയിക്കുന്നത്. പൊതുവെ സംഘര്‍ഷങ്ങള്‍ കുറഞ്ഞ കാലമായിട്ടും ആര്‍എസ്എസ് കേന്ദ്രങ്ങളിലെ ബോംബ് നിര്‍മ്മാണങ്ങള്‍ ഇപ്പോഴും സജീവമാണെന്നാണ് ഇടയ്ക്കിടെയുണ്ടാവുന്ന സ്‌ഫോടനങ്ങളില്‍ നിന്നു വ്യക്തമാവുന്നത്. ഇത് ന്യൂനപക്ഷങ്ങള്‍ക്കെതിരേ കലാപങ്ങള്‍ക്കു വേണ്ടിയുള്ള ആയുധ ശേഖരണമാണ്. കേരളത്തില്‍ ആയിരക്കണക്കിന് ശാഖകള്‍ കേന്ദ്രീകരിച്ച് വന്‍ ആയുധ ശേഖരങ്ങളാണ് വര്‍ഷങ്ങളായി നിലവിലുള്ളത്. ആധുനിക ആയുധശേഖരത്തിന് പുറമെ പരസ്യമായി തൃശൂലവിതരണം നടക്കുന്നു. ഇതെല്ലാം കലാപത്തെ ലക്ഷ്യംവച്ചുകൊണ്ടാണ്. ഇത്തരം ആയുധശേഖരങ്ങള്‍ വ്യാപകമായി ആര്‍ എസ് എസ് നടത്തുന്ന വിവരം പോലീസിന് വിവരമുണ്ടെങ്കിലും കൃത്യമായി നടപടിയെടുക്കുന്നതിലോ പരിശോധന നടത്തുന്നതിലോ വലിയ വീഴ്ചയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

    തലശ്ശേരി കലാപത്തില്‍ സംഘപരിവാരത്തിന്റെ പങ്ക് പകല്‍ പോലെ വ്യക്തമാണ്. കേരളത്തില്‍ തിരഞ്ഞെടുപ്പിനു മുമ്പ് വര്‍ഗീയ കലാപമുണ്ടാക്കി അധികാരത്തിലേറാമെന്ന സംഘപരിവാര വ്യാമോഹത്തിന്റെ ഭാഗമായുള്ള ബോംബ് നിര്‍മാണമാണ് നടക്കുന്നതെന്നാണ് സംശയമുയരുന്നത്. ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ മാസങ്ങള്‍ക്കുള്ളില്‍ നാലോളം സ്ഥലങ്ങളിലാണ് നിര്‍മാണത്തിനിടെ ബോംബ് പൊട്ടുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇരിട്ടി കാക്കയങ്ങാട്ട് ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് സംഘപരിവാറുകാരനായ അയിച്ചോത്ത് സ്വദേശി സന്തോഷ്, ഭാര്യ ലസിത എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. നേരത്തെയും നിര്‍മാണത്തിനിടെ ബോംബ് പൊട്ടി പരിക്കേറ്റയാളാണ് സന്തോഷ്. എന്നിട്ടും കൃത്യമായ അന്വേഷണം നടത്താനോ സ്‌ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താനോ പോലിസ് മുതിരാത്തത് കേരളാ പോലിസിലെ സംഘപരിവാര സ്വാധീനമാണെന്നതില്‍ സംശയമില്ല. 2022 ജൂലൈയില്‍ ഇരിട്ടി ചാവശ്ശേരിയില്‍ ബോംബ് പൊട്ടി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. അസം സ്വദേശി ഫസല്‍ ഹഖും മകന്‍ ഷാഹിദുലും കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ദുരൂഹസാഹചര്യത്തില്‍ നിലച്ചതും സംശയം വര്‍ധിപ്പിക്കുന്നതാണ്. ആര്‍എസ്എസ് കേന്ദ്രത്തില്‍ ഒളിപ്പിച്ചു വച്ച ബോംബ്, ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് ഇരുവരും മരണപ്പെട്ടത്. ഇക്കാര്യത്തില്‍ പ്രദേശവാസികള്‍ കൃത്യമായ വിവരം നല്‍കിയിട്ടും ആര്‍എസ്എസിനെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിച്ചത്. 2022 ജനുവരിയില്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രാദേശിക നേതാവ് ആലക്കാട്ട് ബിജുവിന്റെ വീട്ടിലും നടന്നത് നിര്‍മാണത്തിനിടെയുള്ള ബോംബ് സ്‌ഫോടനമാണ്. സിപിഎം പ്രവര്‍ത്തകന്‍ ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബിജുവിന് മുമ്പും ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റിരുന്നു. കേരളത്തില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ട സംഘപരിവാരം കലാപങ്ങളിലൂടെ അധികാരത്തിലെത്താന്‍ കുറുക്കുവഴികള്‍ തേടുമെന്നുറപ്പാണ്. എലത്തൂരിലെ ട്രെയിന്‍ തീവച്ച കേസില്‍ രണ്ടാഴ്ചയായിട്ടും ദുരൂഹതകള്‍ നീങ്ങിയിട്ടില്ല. വ്യാജവാര്‍ത്തകളും വ്യാജപ്രചാരണങ്ങളും നടത്തരുതെന്നും അത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും സംസ്ഥാന പോലിസ് മേധാവി തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടും ബിജെപി നേതാക്കള്‍ നിരന്തരം വര്‍ഗീയലക്ഷ്യത്തോടെയുള്ള പ്രസ്താവനകളാണ് നടത്തുന്നത്. കേരളത്തിന്റെ മതേതരമനസ്സിലേക്ക് സംശയങ്ങളുണ്ടാക്കി ധ്രുവീകരണമുണ്ടാക്കാനാണ് ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിനെ ഉപയോഗിക്കുന്നത്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ കലാപമുണ്ടാക്കാനുള്ള അണിയറ നീക്കങ്ങളാണ് ബോംബ് നിര്‍മാണത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആയതിനാല്‍ എരഞ്ഞോളി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ബോംബ് നിര്‍മാണത്തെ കുറിച്ചും ഉറവിടത്തെ കുറിച്ചും ലക്ഷ്യത്തെ കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടുകയും മാതൃകാപരമായ ശിക്ഷ നല്‍കുകയും ചെയ്യേണ്ടത് മതേതര കേരളത്തിന്റെ നിലനില്‍പ്പിന് അത്യാന്താപേക്ഷിതമാണ്. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ സംഘപരിവാര ബോംബ് നിര്‍മ്മാണ കേന്ദ്രങ്ങളെ കുറിച്ച് പ്രത്യേകാന്വേഷണ സംഘം അന്വേഷിക്കണമെന്നും അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ എസ് ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ്, ജില്ലാ ഖജാഞ്ചി എ ഫൈസല്‍ സംബന്ധിച്ചു.

Tags:    

Similar News