അഫ്ഗാനില്‍ 50 ലധികം തടവുകാരേയും നിരായുധരായ പുരുഷന്മാരേയും ബ്രിട്ടീഷ് സൈന്യം കൊലപ്പെടുത്തി: വെളിപ്പെടുത്തലുമായി ബിബിസി
പുതുതായി ലഭിച്ച സൈനിക റിപ്പോര്‍ട്ടുകളുടേയും ബിബിസി നടത്തിയ അന്വേഷണങ്ങളുടേയും അടിസ്ഥാനത്തിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നതെന്ന് അനദോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ലണ്ടന്‍: അധിനിവേശത്തിനിടെ അഫ്ഗാനിസ്താനില്‍ 50 ലധികം തടവുകാരേയും നിരായുധരായ പുരുഷന്മാരേയും ബ്രിട്ടീഷ് സൈന്യം കൊലപ്പെടുത്തിയതായി റിപോര്‍ട്ട്. പുതുതായി ലഭിച്ച സൈനിക റിപ്പോര്‍ട്ടുകളുടേയും ബിബിസി നടത്തിയ അന്വേഷണങ്ങളുടേയും അടിസ്ഥാനത്തിലാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നതെന്ന് അനദോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച രാത്രി സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന ബിബിസി പ്രോഗ്രാമില്‍ പ്രത്യേക ഓപറേഷനുകള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന ബ്രിട്ടീഷ് സൈന്യത്തിലെ എലൈറ്റ് യൂനിറ്റായ സ്‌പെഷ്യല്‍ എയര്‍ സര്‍വീസിന്റെ (എസ്എഎസ്) പ്രവര്‍ത്തനങ്ങളുടെ രേഖകളാണ് പരിശോധന വിധേയമാക്കുന്നത്.
അവയില്‍ 2010-11 കാലഘട്ടത്തില്‍ ഹെല്‍മണ്ടില്‍ എസ്എഎസ് സ്‌ക്വാഡ്രണ്‍ നടത്തിയ ഒരു ഡസനിലധികം റെയ്ഡുകള്‍ ഉള്‍പ്പെടുന്നുണ്ട്.
ആ റെയ്ഡുകളില്‍ എസ്എഎസ് സ്‌ക്വാഡ്രണിനൊപ്പം സേവനമനുഷ്ഠിച്ച വ്യക്തികള്‍ പ്രോഗ്രാമുമായി സംസാരിക്കുകയും എസ്എഎസ് പ്രവര്‍ത്തകര്‍ 'രാത്രി റെയ്ഡുകളില്‍ നിരായുധരായ ആളുകളെ കൊല്ലുന്നത്' കണ്ടതായി പറയുകയും ചെയ്തുവെന്ന് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് പറയുന്നു.
മുന്‍ സൈനികരുടെ വിവരണമനുസരിച്ച്, ഒരു വ്യക്തിയെ കൊലപ്പെടുത്തിയത് ഒരു എകെ 47 റൈഫിള്‍ ആക്രമണമാക്കി ചിത്രീകരിച്ച് ന്യായീകരിച്ചു, കൂടാതെ സേനയിലെ ചില വ്യക്തികള്‍ നിരായുധരെ കൊലപ്പെടുത്തുന്നതില്‍ പരസ്പരം മത്സരിക്കുകയായിരുന്നു.
'നിയമവിരുദ്ധമായ കൊലപാതകങ്ങളെക്കുറിച്ച് ആശങ്കയുണ്ടെന്ന് പ്രത്യേക സേനയുടെ ഉയര്‍ന്ന തലത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നുവെന്ന് ആഭ്യന്തര ഇമെയിലുകള്‍ കാണിക്കുന്നു, എന്നാല്‍ നിയമപരമായ ബാധ്യത ഉണ്ടായിരുന്നിട്ടും മിലിട്ടറി പോലീസില്‍ സംശയം അറിയിക്കുന്നതില്‍ പരാജയപ്പെട്ടു' എന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ബിബിസിയുടെ അന്വേഷണം സൂചിപ്പിക്കുന്നത് 'ഒരു യൂണിറ്റ് ആറ് മാസത്തെ ഒരു പര്യടനത്തില്‍ 54 പേരെ നിയമവിരുദ്ധമായി കൊലപ്പെടുത്തിയിരിക്കാം' എന്നാണ്.