കസ്റ്റഡിയിലെടുത്ത ഫലസ്തീന്‍ തടവുകാരെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ: മൂന്ന് ഇസ്രായേലി സൈനികര്‍ക്ക് സസ്‌പെന്‍ഷന്‍
ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, നെത്സ യെഹൂദ ബറ്റാലിയനിലെ ഇസ്രായേല്‍ സൈനികര്‍ റാമല്ലയ്ക്ക് സമീപം രണ്ട് ഫലസ്തീനികളെ നിലത്തേക്ക് തള്ളിയിട്ട് തുടരെ തുടരെ ചവിട്ടുന്നതും നാലാമത്തെ സൈനികന്‍ നോക്കിനില്‍ക്കുന്നതും കാണാം.
തെല്‍ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞയാഴ്ച കസ്റ്റഡിയിലെടുത്ത രണ്ട് ഫലസ്തീനികളെ ക്രൂരമായി മര്‍ദ്ദിച്ച മൂന്ന് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഫലസ്തീനികള്‍ക്കെതിരേ ക്രൂരമായ ആക്രമണം അഴിച്ചുവിടുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ഇവരെ സസ്‌പെന്റ് ചെയ്യാന്‍ അധിനിവേശ സൈന്യം നിര്‍ബന്ധിതരായത്.
ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, നെത്സ യെഹൂദ ബറ്റാലിയനിലെ ഇസ്രായേല്‍ സൈനികര്‍ റാമല്ലയ്ക്ക് സമീപം രണ്ട് ഫലസ്തീനികളെ നിലത്തേക്ക് തള്ളിയിട്ട് തുടരെ തുടരെ ചവിട്ടുന്നതും നാലാമത്തെ സൈനികന്‍ നോക്കിനില്‍ക്കുന്നതും കാണാം.
സംഭവം സൈനിക അധികാരികള്‍ അന്വേഷിച്ച് വരികയാണെന്നും കണ്ടെത്തലുകള്‍ സൈന്യത്തിന്റെ മിലിട്ടറി പ്രോസിക്യൂഷന് സമര്‍പ്പിക്കുമെന്നും ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം 'നിന്ദ്യവും' ഐഡിഎഫിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഗുരുതര സംഭവമാണെന്നും അക്രമത്തെ അപലപിച്ച് ഇസ്രായേല്‍ സൈനിക മേധാവി അവിവ് കൊഹാവി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തില്‍ ഉള്‍പ്പെട്ട സൈനികര്‍ അവരുടെ സ്ഥാനത്തിന് അര്‍ഹരല്ല. സംഭവം ഐഡിഎഫ് കമാന്‍ഡര്‍മാര്‍ വിശദമായി പരിശോധിക്കുമെന്നും മിലിട്ടറി പോലിസ് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഉള്‍പ്പെട്ടവരെ ഞങ്ങള്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഇത്തരത്തിലുള്ള പെരുമാറ്റത്തിന് ഐഡിഎഫില്‍ ഒരു സഹിഷ്ണുതയും ഇല്ല'- പ്രസ്താവന വ്യക്തമാക്കി.ഇത് ആദ്യമായല്ല ഫലസ്തീനികളെ ക്രൂരമായി ആക്രമിച്ച യഹൂദ സൈനികര്‍ പിടിക്കപ്പെടുന്നത്.