ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇനി സൗദിയിലെവിടേയും സഞ്ചരിക്കാം

Update: 2019-07-16 14:12 GMT

റിയാദ്: ഉംറ തീര്‍ത്ഥാടനത്തിനായി സൗദിയിലെത്തുന്നവര്‍ക്ക് ഇനിമുതല്‍ രാജ്യത്തെവിടേയും സഞ്ചരിക്കാം. ഉംറക്കാര്‍ക്ക് മക്ക, മദീന, ജിദ്ദ എന്നിവക്കു പുറമെയുള്ള നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഏര്‍പെടുത്തിയ വിലക്കാണ് സൗദി മന്ത്രിസഭ നീക്കിയത്. 1983 ഒക്ടോബര്‍ ഏഴിന് ഏര്‍പെടുത്തിയ വിലക്കാണ് ഇപ്പോള്‍ ഒഴിവാക്കിയത്. ഇതോടെ ഉംറക്കെത്തുന്നവര്‍ക്ക് രാജ്യത്തെവിടെയും സഞ്ചരിക്കാനുള്ള അനുമതിയായി. ഉംറക്കായി എത്തുന്നവര്‍ക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാനുള്ള തടസ്സമാണ് ഇതോടെ മാറിയത്.

ഉംറ വിസയിലെത്തുന്നവര്‍ പ്രത്യേക ടൂറിസം വിസയിലേക്കു മാറാന്‍ നേരത്തെ അനുമതി ഉണ്ടായിരുന്നു. ഇത്തരത്തില്‍ വിസ മാറിയാലും എല്ലായിടത്തും സഞ്ചരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ നിബന്ധനകള്‍ ഇല്ലാതെയാണ് പുതിയ പ്രഖ്യാപനം.

ഉംറ തീര്‍ഥാടകര്‍ക്ക് മക്ക, മദീന, വിമാനത്താവളവും തുറമുഖവും നിലകൊള്ളുന്ന ജിദ്ദ എന്നിവിടങ്ങളിലേക്കു മാത്രമായിരുന്നു ഇതുവരെ സഞ്ചാര അനുമതി ഉണ്ടായിരുന്നത്. ഉംറ തീര്‍ത്ഥാടകര്‍ തിരികെ പോവാതെ അനധികൃതമായി രാജ്യത്തു തങ്ങുന്ന സാഹചര്യമുണ്ടായതോടെയാണ് അധികാരികള്‍ യാത്രാ നിയന്ത്രണം കൊണ്ടുവന്നത്.

അതേസമയം ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള മറ്റു നിയന്ത്രണങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. അനധികൃതമായി രാജ്യത്തു തങ്ങിയാല്‍ തങ്ങിയവരെയും അനധികൃതമായി പാര്‍പ്പിക്കുന്നവരെയും നാടുകടത്തും. 

Tags:    

Similar News