ദുബയില്‍ കെട്ടിടാനുമതിക്ക് ഏകീകൃത സംവിധാനം
ദുബയ് നഗരസഭയുടെ ബില്‍ഡിങ് പെര്‍മിറ്റ് ഡെവലപ്‌മെന്റ് കമ്മിറ്റിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.
അബുദബി: ദുബയില്‍ കെട്ടിടാനുമതി ലഭിക്കുന്നതിന് ഏകീകൃത സംവിധാനം നിലവില്‍ വന്നു. ദുബയ് നഗരസഭയുടെ ബില്‍ഡിങ് പെര്‍മിറ്റ് ഡെവലപ്‌മെന്റ് കമ്മിറ്റിയാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. ഫ്യൂച്ചര്‍ മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പാലിറ്റിയുടെ ആസൂത്രണ വിഭാഗം സിഇഒ എഞ്ചിനീയര്‍ മറിയം അല്‍ മുഹമൈറി ഉള്‍പ്പെടെയുള്ളവരാണ് നൂതന പദ്ധതി വിശദീകരിച്ചത്. dubaibps.gov.ae എന്ന ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ മൂന്ന് ഘട്ടങ്ങളിലായി അനുമതികള്‍ ലഭ്യമാക്കാന്‍ കഴിയും.
കെട്ടിട അനുമതിക്കുള്ള ലൈസന്‍സിങ് ഏജന്‍സികളായ ദുബയ് നഗരസഭ, ഡവലപ്‌മെന്റ് അതോറിറ്റി, ഇക്കണോമിക് സോണ്‍ അതോറിറ്റി എന്നിവയെ പുതിയ സംവിധാനം ബന്ധിപ്പിക്കും. സിവില്‍ ഡിഫന്‍സ്, ആര്‍ടിഎ, ദേവ, ടെലികോം കമ്പനികള്‍ എന്നിവയില്‍ നിന്ന് കെട്ടിടത്തിലേക്ക് ലഭിക്കേണ്ട മറ്റ് സേവനങ്ങളും പുതിയ സംവിധാനം വേഗത്തിലാക്കും. നിര്‍മാണരംഗത്തെ സ്ഥാപനങ്ങള്‍ക്കും കണ്‍സല്‍ട്ടന്റ്, കോണ്‍ട്രാക്ടര്‍, നിക്ഷേപകര്‍ എന്നിവര്‍ക്കും ഏറെ അനുഗ്രഹമാകും പുതിയ സംവിധാനം എന്ന് ചൂണ്ടിക്കാട്ടുന്നു.