എല്‍ഐസിയുടെ ഓഹരി വില്‍പ്പന പ്രഖ്യാപിച്ച് ധനമന്ത്രി
എല്‍ഐസിയില്‍ കേന്ദ്രസര്‍ക്കാരിനുളള ഓഹരിയുടെ ഒരു ഭാഗം പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ വിറ്റഴിക്കുമെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചത്. ഈ വര്‍ഷം തന്നെ പ്രാഥമിക ഓഹരി വില്‍പ്പന തുടങ്ങും.
ന്യൂഡല്‍ഹി: ഇന്‍ഷൂറന്‍സ് രംഗത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എല്‍ഐസിയുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് കേന്ദ്ര ബജറ്റ്.എല്‍ഐസിയില്‍ കേന്ദ്രസര്‍ക്കാരിനുളള ഓഹരിയുടെ ഒരു ഭാഗം പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ വിറ്റഴിക്കുമെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചത്. ഈ വര്‍ഷം തന്നെ പ്രാഥമിക ഓഹരി വില്‍പ്പന തുടങ്ങും. പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയിലൂടെ വരുന്ന സാമ്പത്തിക വര്‍ഷം 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വകാര്യ വത്കരണം പ്രോത്സാഹിപ്പിക്കുന്ന പ്രഖ്യാപനം വന്നതോടെ സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു.
അതിനിടെ ഐഡിബിഐ ബാങ്കിന്റെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനാണ് തീരുമാനം എന്ന് കേന്ദ്ര ധനമന്ത്രി അറിയിച്ചു. ബാങ്കുകളിലെ നിക്ഷേപം സുരക്ഷിതമാണെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും.
നികുതിയുടെ പേരില്‍ ഒരു നികുതിദായകനെയും ബുദ്ധിമുട്ടിക്കുന്നത് അനുവദിക്കില്ല. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും നിര്‍മ്മല പറഞ്ഞു. ആസ്തി സൃഷ്ടിക്കുന്നവരെ ആദരിക്കുമെന്നും നിര്‍മ്മല പറഞ്ഞു. ചെറുകിട ഇടത്തരം മേഖലകളുടെ വികസനത്തിന് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും, വായ്പാ നടപടികള്‍ ഉദാരമാക്കും. വാണിജ്യ ബാങ്കുകളെ നിയന്ത്രിക്കാന്‍ സംവിധാനം വരും. സാമ്പത്തിക ഉടമ്പടികള്‍ക്കായി പുതിയ നിയമം കൊണ്ടുവരും കമ്പനി നിയമങ്ങള്‍ പരിഷ്‌ക്കരിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 2024 ഓടേ രാജ്യത്ത് നൂറ് പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്നും ബജറ്റ് നിര്‍ദേശം.ആഭ്യന്തര വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്കായി രൂപം നല്‍കിയ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുകയെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
സംരഭകത്വമാണ് ഇന്ത്യയുടെ ശക്തി. കൂടുതല്‍ സംരഭകരെ സൃഷ്ടിക്കാന്‍ കൂടുതല്‍ പേരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കേണ്ടതുണ്ട്. സംരഭകരെ ആകര്‍ഷിക്കാന്‍ ഇന്‍വൈസ്റ്റ്‌മെന്റ് ക്ലിയറന്‍സ് സെല്ലിന് രൂപം നല്‍കുമെന്ന് ബജറ്റ് നിര്‍ദേശിക്കുന്നു. നിക്ഷേപത്തിന് മുന്‍പ് നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കാന്‍ പാകത്തിനുളള സംവിധാനമാണ് ഒരുക്കുന്നത്. വാണിജ്യ, വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് 27300 കോടി രൂപ നീക്കിവെച്ചതായി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. റെയില്‍വേ ട്രാക്കിന് സമീപമുളള റെയില്‍വേയുടെ സ്ഥലത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമെന്നും നിര്‍മ്മല പറഞ്ഞു.