വിദേശത്ത് നേടുന്ന വരുമാനത്തിന് നികുതിയില്ല; ഗള്‍ഫിലെ ഇന്ത്യക്കാരെ ബാധിക്കില്ലെന്ന് കേന്ദ്രം

പ്രവാസികളെയും നികുതിയുടെ പരിധിയിലാക്കാനുള്ള കേന്ദ്രതീരുമാനം പ്രവാസിവിരുദ്ധമാണെന്നും കേരളത്തില്‍നിന്ന് പുറത്തുപോയി ജോലിചെയ്യുന്ന ലക്ഷക്കണക്കിന് പേരെ ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രധനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് കേന്ദ്രധനമന്ത്രാലയത്തിന്റെ വിശദീകരണം.

Update: 2020-02-02 14:46 GMT

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരും ആദായനികുതിയുടെ പരിധിയില്‍ വരുമെന്ന കേന്ദ്രബജറ്റിലെ നിര്‍ദേശത്തില്‍ വിശദീകരണവുമായി കേന്ദ്രധനകാര്യമന്ത്രാലയം. വിദേശത്ത് നേടുന്ന വരുമാനത്തിന് ഇന്ത്യയില്‍ ആര്‍ക്കും നികുതി നല്‍കേണ്ടിവരില്ലെന്ന് കേന്ദ്രധനമന്ത്രാലയം വ്യക്തമാക്കി. പ്രവാസികളെയും നികുതിയുടെ പരിധിയിലാക്കാനുള്ള കേന്ദ്രതീരുമാനം പ്രവാസിവിരുദ്ധമാണെന്നും കേരളത്തില്‍നിന്ന് പുറത്തുപോയി ജോലിചെയ്യുന്ന ലക്ഷക്കണക്കിന് പേരെ ഗുരുതരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രധനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് കേന്ദ്രധനമന്ത്രാലയത്തിന്റെ വിശദീകരണം.

ബജറ്റിനോടൊപ്പം അവതരിപ്പിച്ച ധനബില്ലില്‍ ഇന്ത്യയില്‍ നികുതി അടയ്ക്കുന്നതിനുവേണ്ട സ്ഥിരവാസി പദവി നിശ്ചയിക്കുന്നതിനാവശ്യമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍കം ടാക്‌സ് ആക്ട് 1961 ലെ സെക്ഷന്‍ 6 ഭേദഗതി ചെയ്യാനുള്ള ശുപാര്‍ശ പ്രവാസികളെ രൂക്ഷമായി ബാധിക്കുമെന്നായിരുന്നു കേരളം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍, വിദേശത്ത് നികുതിയില്ല എന്നതുകൊണ്ട് ഇന്ത്യയില്‍ നികുതിയീടാക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പ്രവാസിക്ക് ഇന്ത്യയില്‍നിന്ന് എന്തെങ്കിലും വരുമാനമുണ്ടെങ്കില്‍ അതിന് നികുതി നല്‍കണം. വിദേശത്തുള്ള ആസ്തിക്ക് ഇന്ത്യയില്‍ എന്തെങ്കിലും വരുമാനം ലഭിച്ചാല്‍ അതിനും നികുതി നല്‍കേണ്ടിവരും.

അതല്ലാതെ വിദേശത്തുനിന്ന് നേടുന്ന വരുമാനത്തിന് ഒരു നികുതിയും നല്‍കേണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ഇത് ഗള്‍ഫിലെ ഇന്ത്യക്കാരെ ഒരുതരത്തിലും ബാധിക്കില്ലെന്നും കേന്ദ്രധനമന്ത്രി മുഖ്യമന്ത്രിക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. ആവശ്യമെങ്കില്‍ നിയമത്തില്‍ പുതിയ വ്യവസ്ഥകള്‍ സംബന്ധിച്ച് വ്യക്തത വരുത്തുമെന്നും കേന്ദ്രം അറിയിച്ചു. അതേസമയം, പ്രവാസികള്‍ നല്‍കേണ്ട നികുതിയെക്കുറിച്ച് ഇപ്പോഴും അവ്യക്തതകള്‍ നിലനില്‍ക്കുകയാണ്. 120 ദിവസമോ അതില്‍ കൂടുതലോ ഇന്ത്യയില്‍ താമസിക്കുന്നവര്‍ നികുതി നല്‍കണമെന്നതാണ് ബജറ്റിലെ നിര്‍ദേശം. നേരത്തെ 182 ഓ അതില്‍ കൂടുതലോ ദിവസം ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാരേയോ ഇന്ത്യയില്‍ ജനിച്ച ആളുകളെയോ ആണ് സ്ഥിരവാസികളായി കണക്കാക്കുന്നത്. അതാണിപ്പോള്‍ 120 ദിവസമായി കുറച്ചിരിക്കുന്നത്.

സാധാരണഗതിയില്‍ ഇന്ത്യയില്‍ താമസിക്കുന്ന ഒരാള്‍ ലോകത്ത് എവിടെ നിന്നും വരുമാനമുണ്ടാക്കിയാലും അത് ഇന്ത്യയില്‍ നികുതിയ്ക്ക് വിധേയമാണ്. എന്നാല്‍, സ്ഥിരവാസിയല്ലാത്ത ഒരാള്‍ക്ക് ഇതില്‍ ഇളവുണ്ട്. ആ ഇളവാണ് ഇല്ലാതാവുക. നികുതിയില്ലാത്ത രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് നികുതി ബാധകമാവുകയെന്ന പ്രഖ്യാപനം വന്നതോടെ ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന എല്ലാവരും നികുതി നല്‍കേണ്ടിവരുമോ എന്ന ആശങ്കയിലായി. ഇന്ത്യയിലെ വരുമാനത്തിനും സ്വത്തിനുമാണ് നികുതി നല്‍കേണ്ടിവരികയെന്ന വിശദീകരണം വന്നതോടെ ഇക്കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്.

ഇന്ത്യയിലും വ്യവസായം നടത്തുന്ന പ്രവാസികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഇപ്പോഴും പരിഹരിക്കപ്പെടുന്നില്ല. 120 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ ഒരുവര്‍ഷം കഴിഞ്ഞാല്‍ അവരുടെ എന്‍ആര്‍ഐ പദവി നഷ്ടപ്പെടും. അപ്പോള്‍ ഇന്ത്യയിലെ സംരംഭങ്ങളില്‍ ഇവര്‍ക്ക് ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരും. വിവിധ രാജ്യങ്ങളില്‍ വന്‍വ്യവസായം നടത്തുകയും അവിടെയൊന്നും നികുതി നല്‍കാതെ ഇന്ത്യയിലെ പ്രവാസി പദവി നിലനിര്‍ത്തി, ഇവിടെയും നികുതി നല്‍കാത്തവരെ കുടുക്കാനാണ് ഈ പുതിയ നയം പ്രഖ്യാപിച്ചതെന്നാണ് കേന്ദ്രധനകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. 

Tags:    

Similar News