പാലക്കാട് ജില്ലാ സെക്രട്ടറിയുടെ അന്യായ അറസ്റ്റ്: പോലിസ് ഭീകരതയ്‌ക്കെതിരേ പോപുലര്‍ ഫ്രണ്ട് പ്രക്ഷോഭത്തിലേക്ക്
പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ മറവില്‍ സംഘടനയെ വേട്ടയാടാനുള്ള ശ്രമത്തിനെതിരേ പോപുലര്‍ ഫ്രണ്ട് പ്രക്ഷോഭത്തിനൊരുങ്ങുന്നു. കേസന്വേഷണം എന്നുള്ളതില്‍ നിന്നും മാറി സംഘടനയെ വേട്ടയാടുന്ന സ്വഭാവത്തിലേക്ക് ഈ കേസ് അന്വേഷണം മാറിയിട്ടുണ്ട്. പോലിസിന്റെ വേട്ടയ്ക്ക് നിന്നുതരാന്‍ പോപുലര്‍ ഫ്രണ്ട് ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പോപുലര്‍ ഫ്രണ്ടിന്റെ ജനകീയാടിത്തറയില്‍ വിറളി പൂണ്ട പോലിസും സര്‍ക്കാരും അതിനെ വേട്ടയാടി ഇല്ലാതാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ജനകീയമായും ജനാധിപത്യപരമായും നേരിടും. സംഘടനാ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് സപ്തംബര്‍ 29 വ്യാഴാഴ്ച പാലക്കാട് നഗരത്തില്‍ ബഹുജന റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. ഇത് പ്രതിഷേധത്തിന്റെ തുടക്കമാണ്. പോലിസിന്റെ പക്ഷപാതപരമായ വേട്ട അവസാനിപ്പിച്ചിട്ടില്ലെങ്കില്‍ വലിയ പ്രക്ഷോഭങ്ങളിലേക്ക് പോപുലര്‍ ഫ്രണ്ടിന് പോവേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ആര്‍എസ്എസിന്റെ ഇഷ്ടക്കാരായ ഉദ്യോഗസ്ഥന്‍മാരെ മാത്രം ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിച്ചിട്ടാണ് ഈ നീക്കം തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പോലിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ആര്‍എസ്എസ് സെല്ലാണ് ഇതിന് കരുക്കള്‍ നീക്കുന്നത് എന്നാണ് മനസ്സിലാവുന്നത്. ഇതിന്റെ ഭാഗമാണ് പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സിദ്ദീഖ് തോട്ടിന്‍കരയുടെ അറസ്റ്റ്. കേസന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിച്ച ആളാണ് സിദ്ദീഖ്. പലതവണ പോലിസ് വിളിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഘടനയെ പ്രതിനിധീകരിച്ച് പോലിസുമായി സംസാരിച്ചിരുന്നതും സിദ്ദീഖ് ആണ്. ബോധപൂര്‍വം സംഘടനാ നേതൃത്യങ്ങളെ കേസില്‍ പ്രതിചേര്‍ത്ത് സംഘടനയെ വേട്ടയാടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ അറസ്റ്റ് എന്നാണ് മനസ്സിലാവുന്നത്.
കഴിഞ്ഞദിവസം പോപുലര്‍ ഫ്രണ്ട് കോഴിക്കോട് നടത്തിയ ജനമഹാസമ്മേളനം വലിയ വിജയമായിരുന്നു. സമ്മേളനത്തിന്റെ വിജയം ആര്‍എസ്എസിനെയും ആര്‍എസ്എസിന് വേണ്ടി ആഭ്യന്തരം കൈയാളുന്ന സിപിഎമ്മിനെയും അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് ആഭ്യന്തരവകുപ്പിന്റെ അനുവാദത്തോടെ പാലക്കാട് സംഘടനയെ വേട്ടയാടാനുള്ള പോലിസിന്റെ പുതിയ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് ആര്‍എസ്എസ് ക്രിമിനല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഏതെങ്കിലും നിലയ്ക്കുള്ള ബന്ധം സിദ്ധീഖിന് നേരെ പോലീസ് ചൂണ്ടിക്കാട്ടുന്നില്ല. മാധ്യമങ്ങളുടെ മുന്നില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അറസ്റ്റിനെ സംബന്ധിച്ച് വിശദീകരിക്കുമ്പോഴും സിദ്ദീഖിന് പങ്കുള്ളതായി പറയുന്നില്ല. പകരം കേസ് അന്വേഷണം ജില്ലാ നേതാക്കളിലേക്കും സംസ്ഥാന നേതാക്കളിലേക്കും എത്തുമെന്ന് പറഞ്ഞ് ആര്‍എസ്എസ് സെല്ലിന്റെ ഗൂഢാലോചനയില്‍ ഉരിത്തിരിഞ്ഞ തീരുമാനങ്ങള്‍ വിശദീകരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ചെയ്യുന്നത്.
മാസങ്ങള്‍ നീണ്ട ഗൂഢാലോചനക്കും ആസൂത്രണത്തിനും ശേഷമാണ് പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയത്. ഈ കേസില്‍ കൃത്യമായ മൗനം പാലിക്കുകയും ആര്‍എസ്എസുമായി ഡീല്‍ ഉണ്ടാക്കി കേസ് സെറ്റില്‍ ചെയ്യുകയുമാണ് ഉണ്ടായത്. അതേസമയം ആര്‍എസ്എസ് ക്രിമിനലിന്റെ പെട്ടെന്നുണ്ടായ കൊലപാതകത്തില്‍ മുഴുവന്‍ മുസ്‌ലിം ചെറുപ്പക്കാരെ തിരഞ്ഞുപിടിച്ച് വേട്ടയാടാനും അവരുടെ വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുമുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോപുലര്‍ ഫ്രണ്ട് മലപ്പുറം സോണല്‍ പ്രസിഡന്റ് സി അബ്ദുന്നാസര്‍, പാലക്കാട് സൗത്ത് ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദലി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.