വാരണാസി: ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെക്കെതിരേ യുപി പോലിസ് കേസെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിഡിയോ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് കേസ്. പിച്ചെ കൂടാതെ ഗൂഗിളിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും കേസില്‍ ഉള്‍പെടുത്തിട്ടുണ്ട്. പിന്നീട് വിഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് സുന്ദര്‍ പിച്ചെക്കും ഗൂഗിള്‍ തലവന്‍മാരായ മൂന്നുപേര്‍ക്കും ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എഫ്.ഐ.ആറില്‍നിന്ന് ഇവരുടെ പേര് നീക്കം ചെയ്തതായി പോലിസ് ഉദ്യോഗസ്ഥര്‍ പി.ടി.ഐയോട് പറഞ്ഞു.
പിച്ചെക്ക് പുറമെ സജ്ഞയ് കുമാര്‍ ഗുപ്ത ഉള്‍പ്പെടെയുള്ള മൂന്ന് ഗൂഗിള്‍ ഉദ്യോഗസ്ഥരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗൂഗിള്‍ മേധാവികള്‍ക്ക് പുറമെ ഗാസിപൂര്‍ ജില്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഗീതജ്ഞര്‍, റെക്കോര്‍ഡിങ് സ്റ്റുഡിയോ, പ്രാദേശിക മ്യൂസിക് ലേബല്‍ കമ്പനി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പേരുകളും എഫ്.ഐ.ആറില്‍ ഉണ്ട്. ഫെബ്രുവരി ആറിനാണ് യു.പിയിലെ ബേലുപുര്‍ പൊലീസ് സ്‌റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ 67ാം വകുപ്പ്പ്രകാരമുള്ള കുറ്റങ്ങളും ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.