കാശി വിശ്വനാഥ ക്ഷേത്രം -ഗ്യാന്‍വ്യാപി പള്ളി സമുച്ചയത്തില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വ്വേക്ക് അനുമതി
ഗ്യാന്‍വാപ്പി പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു അഭിഭാഷകന്‍ വി എസ് റസ്‌തോഗി നല്‍കിയ ഹരജിയിലാണ് പരിശോധനയ്ക്ക് അനുമതി നല്‍കിയത്.
ലഖ്‌നൗ: കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വ്യാപി പള്ളി സമുച്ചയത്തില്‍ പുരാവസ്തു വകുപ്പിന്റെ സര്‍വ്വേക്ക് വാരണസി ജില്ലാ കോടതി അനുമതി നല്‍കിയതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ഗ്യാന്‍വാപ്പി പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു അഭിഭാഷകന്‍ വി എസ് റസ്‌തോഗി നല്‍കിയ ഹരജിയിലാണ് പരിശോധനയ്ക്ക് അനുമതി നല്‍കിയത്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിക്രമാദിത്യന്‍ പണി കഴിപ്പിച്ച കാശി വിശ്വനാഥ ക്ഷേത്രം മുഗള്‍ ഭരണകാലത്ത് 1664 ല്‍ ഔറംഗസേബ് പിടിച്ചെടുക്കുകയും ഗ്യാന്‍വ്യാപി പള്ളി പണിയുകയുമായിരുന്നുവെന്നാണ് ഹരജിയിലെ അവകാശവാദം.
പരാതിക്കെതിരെ ഗ്യാന്‍വ്യാപി പള്ളി അധികൃതര്‍ രംഗത്തെത്തിയിരുന്നുവെങ്കിലും കോടതി സര്‍വ്വേക്ക് അനുമതി നല്‍കുകയായിരുന്നു. സര്‍വ്വേയുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. വാരണസിയില്‍ കാശി വിശ്വനാഥ ക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നതും സര്‍ക്കാര്‍ രാമസേതു ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണെന്നാണ് സംഭവത്തോട് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചത്.
തുടര്‍ന്ന് ശ്രീലങ്കയിലെ അശേക് വാതികയുമായി രാം സേതു ബന്ധിപ്പിക്കണമന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേക്കായി അഞ്ചംഗ കമ്മിറ്റിയെ നിയമിച്ചിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും സര്‍വ്വെ നടത്തുക. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ വിശ്വേശ്വറിനെ പ്രതിനിധീകരിച്ച് 2019 ഡിസംബറിലാണ് റസ്‌തോഗി ഹരജി നല്‍കിയത്. വിശ്വേശ്വരന്റെ 'അടുത്ത സുഹൃത്ത്' എന്ന നിലയിലായിരുന്നു അദ്ദേഹം നിവേദനം നല്‍കിയിരുന്നത്.
ജനുവരിയില്‍, പള്ളി പരിപാലിക്കുന്ന അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി റസ്‌തോഗിയുടെ ഹരജിക്കെതിരേ എതിര്‍ ഹരജി ഫയല്‍ ചെയ്തിരുന്നു.