മുസഫര്‍നഗര്‍ കലാപം: 74 കേസുകള്‍ പിന്‍വലിക്കണമെന്ന് യോഗി സര്‍ക്കാര്‍; അനുമതി നിഷേധിച്ച് കോടതികള്‍

ആറുമാസത്തിനിടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 10 വ്യത്യസ്ത വിജ്ഞാപനങ്ങളിലൂടെ 74 മുസാഫര്‍നഗര്‍ കലാപക്കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതിനായി വിവിധ കോടതികളുടെ അനുമതി തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അമിത്കുമാര്‍ സിങ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വെളിപ്പെടുത്തി.

Update: 2019-07-24 18:46 GMT

ലഖ്‌നോ: 2013 ലെ മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായ 74 കേസുകള്‍ അവസാനിപ്പിക്കണമെന്ന യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ആവശ്യം തള്ളി കോടതികള്‍. ആറുമാസത്തിനിടെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 10 വ്യത്യസ്ത വിജ്ഞാപനങ്ങളിലൂടെ 74 മുസാഫര്‍നഗര്‍ കലാപക്കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതിനായി വിവിധ കോടതികളുടെ അനുമതി തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് അഡീഷനല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അമിത്കുമാര്‍ സിങ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വെളിപ്പെടുത്തി.

ഇത്രയും കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഒരുകേസില്‍പോലും അനുകൂലതീരുമാനമുണ്ടായിട്ടില്ല. 20 കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ടുമാസം മുമ്പ് യോഗി സര്‍ക്കാര്‍ നല്‍കിയ അപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ചില കേസുകളില്‍ ബന്ധപ്പെട്ട ജഡ്ജിമാരില്ലാത്തതിനാല്‍ കോടതിയെ സമീപിക്കാന്‍പോലും പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. ആവശ്യമായ തുടര്‍നടപടികള്‍ക്കും കേസുകള്‍ പിന്‍വലിക്കാനുമായി ബന്ധപ്പെട്ട കോടതികളെ സമീപിക്കുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ നിര്‍ദേശങ്ങളും പ്രോസിക്യൂഷന് കൈമാറിയിരുന്നു.

എന്നാല്‍, ഒരു കേസുപോലും പിന്‍വലിക്കാന്‍ പ്രോസിക്യൂഷന് കോടതിയുടെ അനുമതി ലഭിച്ചിട്ടില്ലെന്ന് എഡിഎം കൂട്ടിച്ചേര്‍ത്തു. കലാപവുമായി ബന്ധപ്പെട്ട 20 കേസുകളില്‍ ജഡ്ജിമാരില്ലാത്തതിനാല്‍ പ്രോസിക്യൂഷന് ഇതുവരെ കോടതിയെ സമീപിക്കാനായിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ത്യാഗി പ്രതികരിച്ചു. മറ്റ് കേസുകളില്‍ അവ പിന്‍വലിക്കാനുള്ള അനുമതി വിവിധ കോടതികള്‍ നിഷേധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ശുപാര്‍ശകളിന്‍മേല്‍ നൂറിലധികം കലാപക്കേസുകളാണ് പിന്‍വലിക്കാന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നാണ് റിപോര്‍ട്ട്. 

Tags:    

Similar News