ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബരാബങ്കിയിലെ ഖമോലി ഗ്രാമത്തില്‍ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്രത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ടികേത്ത് നഗര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഖാമൗലി ഗ്രാമത്തിലെ ഹനുമാന്‍ ക്ഷേത്ര പൂജാരിയായ സുരേഷ് ചന്ദ്ര ചൗഹാന്റെ(70) മൃതദേഹമാണ് കട്ടിലില്‍ കണ്ടെത്തിയത്. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് തലയില്‍ നിരവധി തവണ ആക്രമിക്കപ്പെട്ടതായി പോലിസ് വ്യക്തമാക്കി. കൊലപാതകികള്‍ ഇദ്ദേഹത്തിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതായും റിപോര്‍ട്ടുകളുണ്ട്. ബുധനാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയവരാണ് മുന്‍ഭാഗത്തെ കട്ടിലില്‍ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടി. സ്ഥലത്തെത്തിയ പോലിസ് നടത്തിയ അന്വേഷണത്തില്‍ കുറച്ച് അകലെ നിന്ന് മദ്യവും ഗ്ലാസും കണ്ടെത്തി. കുറ്റകൃത്യം ചെയ്തവരെ കണ്ടെത്താന്‍ മൂന്നു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പൂജാരി സുരേഷ് ചന്ദ്ര ചൗഹാന്‍ തലേന്ന് മറ്റൊരു സ്ഥലത്ത് വിരുന്നിനു പോയി രാത്രി എട്ടോടെയാണ് ക്ഷേത്രത്തില്‍ തിരിച്ചെത്തിയത്.
കഴിഞ്ഞ 4 വര്‍ഷമായി ക്ഷേത്രത്തിലാണ് ഇദ്ദേഹം താമസിച്ചിരുന്നതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. പൂജാരിയെ കൊലപ്പെടുത്തിയ ശേഷം മുറിയിലും ക്ഷേത്രത്തിലും നടത്തിയ പരിശോധനയില്‍ ആറായിരത്തോളം രൂപയും സൈക്കിളും മോഷ്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ക്ഷേത്രം പിടിച്ചെടുക്കാനുള്ള ശ്രമമാണോ ഇതിനു പിന്നിലെന്ന കാര്യവും പോലിസ് പരിശോധിക്കുന്നുണ്ട്. കൊലപാതക കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലിസിനു ഒന്നും വ്യക്തമായി പറയാനായിട്ടില്ല. എന്നാല്‍ ക്ഷേത്രത്തില്‍ ഈയിടെയായി ഭക്തരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും
ഇതോടെ വഴിപാട് കൂടിയതായും മനസ്സിലായിട്ടുണ്ട്. പോലിസ് സൂപ്രണ്ട് യമുനാ പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
UP: Priest Found Murdered In Barabanki