ട്രംപിന്റെ ജന്മാവകാശ പൗരത്വ നിയന്ത്രണ ഉത്തരവ് മരവിപ്പിച്ച് ഫെഡറല്‍ കോടതി; സല്‍സ്വഭാവികളായ ന്യായാധിപന്‍മാര്‍ എവിടെയായിരുന്നുവെന്ന് ചരിത്രം ചോദിക്കുമെന്ന് ജഡ്ജി

വാഷിങ്ടണ്‍: യുഎസില്‍ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവിലെ തുടര്‍നടപടികള്‍ സിയാറ്റില്‍ ഫെഡറല്‍ കോടതി താല്‍ക്കാലികമായി തടഞ്ഞു. വാഷിങ്ടണ്‍, അരിസോണ, ഇല്ലിനോയിസ്, ഒറിഗോണ്‍ എന്നീ നാലു സംസ്ഥാനങ്ങള്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ജോണ്‍ സി സി കോഗ്‌നോറിന്റെ ഉത്തരവ്.
മാതാപിതാക്കളിലൊരാള്‍ക്കെങ്കിലും പൗരത്വമോ ഗ്രീന്‍ കാര്‍ഡോ ഇല്ലെങ്കില്‍ അവര്‍ക്ക് ജനിക്കുന്ന കുഞ്ഞിന് യുഎസില്‍ പൗരത്വം നല്‍കരുതെന്ന ഉത്തരവിലാണ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നത്. ഈ ഉത്തരവ് യുഎസില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും പൗരത്വം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 14ാം ഭേദഗതിയുടെ ലംഘനമാണെന്ന് ആരോപിച്ചാണ് ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കോടതിയെ സമീപിച്ചത്.
നാല്‍പത് കൊല്ലമായി താന്‍ ജഡ്ജിയാണെന്നും ഇതുപോലെ നഗ്നമായ ഭരണഘടനാ ലംഘനമുള്ള മറ്റൊരു കേസ് കണ്ടിട്ടില്ലെന്നും വാദം കേള്‍ക്കലിനിടെ ജസ്റ്റിസ് ജോണ്‍ സി സി കോഗ്‌നോര്‍ പറഞ്ഞു. സല്‍സ്വഭാവികളായ ന്യായാധിപന്‍മാരും അഭിഭാഷകരും എവിടെയായിരുന്നു എന്നു നമ്മള്‍ തിരിഞ്ഞുനോക്കുന്ന സമയങ്ങള്‍ ലോകചരിത്രത്തില്‍ ഉണ്ടാവുമെന്നും ജഡ്ജി പറഞ്ഞു.