യുഎസ് വൈസ് പ്രസിഡന്റിന്റെ വക്താവിന് കൊവിഡ്
മൈക്ക് പെന്‍സിന്റെ മാധ്യമ സെക്രട്ടറിയായ കാത്തി മില്ലറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
വാഷിങ്ടന്‍: കൊവിഡ് 19 യുഎസില്‍ പടരുന്നതിനിടെ അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ വൈറ്റ് ഹൗസിന് ആശങ്കയായി വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ വക്താവിന് രോഗം സ്ഥിരീകരിച്ചു. മൈക്ക് പെന്‍സിന്റെ മാധ്യമ സെക്രട്ടറിയായ കാത്തി മില്ലറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഓഫിസിലെ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് കാത്തി. മൈക്ക് പെന്‍സിനെയും ട്രംപിനേയും ദിവസവും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഡോണള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥനു കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ കോവിഡ് വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ വൈറ്റ് ഹൗസ് കൊവിഡ് ഹോട്ട്സ്പോട്ട് ആയി മാറുകയാണോ എന്ന ആശങ്ക വര്‍ധിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റിന്റെ വക്താവായ മില്ലര്‍ നിരവധി ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കുകയും ഉദ്യോഗസ്ഥതലത്തില്‍ നിരവധി പേരുമായി അടുത്തിടപഴകുകയും ചെയ്തിട്ടുണ്ട്.
കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഓഫിസിലെ കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തിവരികയാണ്. ട്രംപും മൈക്ക് പെന്‍സും ജീവനക്കാരും ദിവസവും കൊവിഡ് പരിശോധന നടത്തുമെന്ന് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അതിനിടെ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു.