ഉത്തര്‍പ്രദേശില്‍ ടെമ്പോയും ട്രക്കും കൂട്ടിയിടിച്ച് എട്ടുമരണം

മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ 6.30ന് ദിബിയാപുര്‍ബെല ഹൈവേ റോഡിലായിരുന്നു അപകടം.

Update: 2019-07-06 14:59 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഔരൈയയില്‍ ടെമ്പോ വാനും ട്രക്കും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാവിലെ 6.30ന് ദിബിയാപുര്‍ബെല ഹൈവേ റോഡിലായിരുന്നു അപകടം. ടെമ്പോ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ദിശയില്‍നിന്നും വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് എസ്പി സുനീതി പറഞ്ഞു. ടെമ്പോയിലുണ്ടായിരുന്ന എട്ടുപേരാണ് മരണപ്പെട്ടത്. സ്‌കൂളില്‍ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി പോയ അധ്യാപകരാണ് മരിച്ചവരിലേറെയും.

വാഹനങ്ങള്‍ കൂട്ടിയിടിച്ചപ്പോഴുണ്ടായ ശബ്ദംകേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തില്‍ ടെമ്പോ ട്രിക്കിനിടയില്‍ കുടുങ്ങിപ്പോയി. പിന്നീട് ഇത് വെട്ടിപ്പൊളിച്ചാണ് കുടുങ്ങിയവരെ പുറത്തെടുത്തത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് പരിക്കേറ്റവരെ സമീപത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലിസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികില്‍സ ഉറപ്പുവരുത്താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് നിര്‍ദേശം നല്‍കി.

Tags:    

Similar News