സംഭലിലെ പോലിസ് സ്‌റ്റേഷനില്‍ വന്‍ തീപിടിത്തം; 35 വാഹനങ്ങള്‍ കത്തിനശിച്ചു (വീഡിയോ)

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭലിലെ ഹയാത്ത് നഗര്‍ പോലിസ് സ്‌റ്റേഷനില്‍ വന്‍ തീപിടിത്തം. സംഭല്‍ ശാഹീ ജാമിഅ് മസ്ജിദിന് അഞ്ചു കിലോമീറ്റര്‍ അടുത്തുള്ള സ്‌റ്റേഷനിലാണ് തീപിടിത്തമുണ്ടായത്. സ്‌റ്റേഷന്‍ പൂര്‍ണമായും അഗ്നിക്കിരയായി. കോംപൗണ്ടിലുണ്ടായിരുന്ന 35 വാഹനങ്ങള്‍ കത്തിനശിച്ചു. ഹൈ ടെന്‍ഷന്‍ വയര്‍ പൊട്ടിവീണതാണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
#WATCH | Uttar Pradesh | A fire broke out in Sambhal city. Fire tenders are present at the spot. Operations are underway to douse the fire. More details awaited. pic.twitter.com/fhnvpu0SH3
— ANI (@ANI) April 5, 2025
ശനിയാഴ്ച വൈകുന്നേരമാണ് ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിലെ കമ്പികള്‍ പൊട്ടി വീണത്. ഇതോടെ വാഹനങ്ങള്‍ക്ക് തീപിടിച്ചു. തീയും പുകയും കണ്ടതോടെ സ്‌റ്റേഷന്‍ ചാര്‍ജുള്ള ചമന്‍ സിങ് അടക്കമുള്ള പോലിസുകാര്‍ ഇറങ്ങി ഓടിയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സ്‌റ്റേഷന്‍ കോംപൗണ്ടിലുള്ള ക്വാര്‍ട്ടേഴ്‌സിലെ പോലിസുകാരുടെ ബന്ധുക്കളും ഓടി രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരെ അതിനിടയിലും പോലിസുകാര്‍ ലാത്തിചാര്‍ജ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്‌സ് തീയണച്ചെങ്കിലും പോലിസ് സ്‌റ്റേഷന്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.